

പാൻ ഇന്ത്യൻ നായകൻ യാഷ്, നയൻതാര, കിയാര അദ്വാനി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്സിക്' റിലീസിന് മുന്പേ വിവാദങ്ങളിൽ അകപ്പെടുകയാണ്. ടീസറിലെ ഇന്റിമേറ്റ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. അതിനിടയിൽ, ഇന്റിമേറ്റ് സീനിൽ പ്രത്യക്ഷപ്പെട്ട ബ്രസീലിയൻ സുന്ദരി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തതാണ് ഏറ്റവും പുതിയ വാർത്ത.
ടീസറിലെ ചില സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന രംഗത്തിലൂടെ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ബ്രസീലിയൻ നടിയും മോഡലുമായ ബിയാട്രിസ് തൗഫൻബാക്ക് ആണ്. ഈ വേഷം ചെയ്തത് നതാലി ബേൺ ആണെന്ന് ആദ്യം വാർത്തകൾ വന്നുവെങ്കിലും, ബിയാട്രിസ് ആണ് ഈ വേഷം ചെയ്തതെന്ന് ഗീതു മോഹൻദാസ് വ്യക്തമാക്കുകയായിരുന്നു.
ടീസറിലെ ചില രംഗങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും അശ്ലീലമാണെന്നും ആരോപിച്ച് കർണാടക വനിതാ കമ്മീഷൻ സെൻസർ ബോർഡിനെ സമീപിച്ചിരുന്നു. ഈ വിവാദം കൊടുമ്പിരിക്കൊള്ളുന്നതിനിടയിലാണ് ബിയാട്രിസ് ഇൻസ്റ്റഗ്രാമിൽ നിന്ന് അപ്രത്യക്ഷമായത്. വമ്പൻ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നതാകാം അക്കൗണ്ട് പിൻവലിക്കാൻ കാരണം. തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ടോക്സിക് മാർച്ച് 19ന് തിയറ്ററുകളിലെത്തും.