പാന്‍ ഇന്ത്യന്‍ താരം യാഷ് നായകനാകുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്' റിലീസിന് മുന്‍പ് തന്നെ ബോക്‌സ് ഓഫീസില്‍ വലിയ തരംഗം സൃഷ്ടിക്കുകയാണ്. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ബുക്കിങ് ആപ്പുകളിൽ വന്‍ ജനത്തിരക്കാണ്. ആദ്യ ദിനത്തിലേക്ക് മാത്രമായി ഇതുവരെ അഞ്ചു ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിട്ടുള്ളത്. റിലീസിന് മുന്നോടിയായുള്ള ആകെ ഗ്രോസ് കളക്ഷന്‍ 30 കോടി രൂപ പിന്നിടുകയാണ്.
സാക്‌നില്‍ക് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, രാജ്യത്തുടനീളമുള്ള 12,609 ഷോകളില്‍ നിന്നായി 4.73 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ച ചിത്രം നിലവില്‍ 18.84 കോടി രൂപ നേരിട്ട് നേടിക്കഴിഞ്ഞു. ഇതില്‍ കന്നഡ, ഹിന്ദി പതിപ്പുകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കന്നഡ പതിപ്പില്‍ നിന്ന് 9.6 കോടി രൂപയും ഹിന്ദി പതിപ്പില്‍ നിന്ന് 7.72 കോടി രൂപയും ബുക്കിങ്ങിലൂടെ ടോക്സിക് സ്വന്തമാക്കി. കൂടാതെ ഐമാക്‌സ്, 4ഡിഎക്‌സ് തുടങ്ങിയ പ്രീമിയം സ്‌ക്രീനുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബ്ലോക്ക് ചെയ്ത സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ആദ്യദിന അഡ്വാന്‍സ് ബുക്കിങ് തുക 27.38 കോടി രൂപ പിന്നിട്ടിട്ടുണ്ട്.
താരത്തിന്റെ സ്വന്തം തട്ടകമായ കര്‍ണാടകയിലാണ് ചിത്രത്തിന് ഏറ്റവും വലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നത്. 1,744 ഷോകളില്‍ നിന്നായി 10.69 കോടി രൂപയാണ് കര്‍ണാടകയില്‍ നിന്ന് മാത്രം ലഭിച്ചത്. ഏറ്റവും കൂടുതല്‍ ഷോകള്‍ ഉള്ളത് ഗുജറാത്തിലും (2,319) മഹാരാഷ്ട്രയിലുമാണ് (2,189). ഇവയ്ക്ക് പുറമെ പശ്ചിമ ബംഗാള്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മികച്ച അഡ്വാന്‍സ് ബുക്കിങ് പുരോഗമിക്കുന്നു.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ യാഷിനൊപ്പം വന്‍ താരനിര അണിനിരക്കുന്നുണ്ട്. കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കന്നഡ, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലായി ഓഗസ്റ്റ് 26-ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.