ഇടവേളയ്ക്ക് ശേഷം റോക്കിങ് സ്റ്റാർ യഷ് തിരികെ എത്തുമ്പോൾ തിയേറ്ററുകളിൽ മുഴങ്ങുന്നത് വെറുമൊരു ആരവമല്ല, ബോക്സ് ഓഫീസിനെ പിടിച്ചുലയ്ക്കുന്ന കൊടുങ്കാറ്റാണ്. 'കെജിഎഫ്' എന്ന ഒറ്റ ഫ്രാഞ്ചൈസി കൊണ്ട് ഇന്ത്യൻ സിനിമയുടെ ഭൂപടം തിരുത്തിക്കുറിച്ച താരത്തിന്റെ പുതിയ ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' റിലീസിന് തൊട്ടുമുമ്പ് തന്നെ പുതിയ ചരിത്രങ്ങൾ കുറിക്കുകയാണ്. വാരാന്ത്യ സിനിമാ വിശേഷങ്ങളിൽ ഇപ്പോൾ ഒരേയൊരു പേര് മാത്രം, ടോക്സിക്.
സോഷ്യൽ മീഡിയയിലും ടിക്കറ്റ് കൗണ്ടറുകളിലും ഇപ്പോൾ 'ടോക്സിക് ഫീവർ' ആണ്. റിലീസ് ഡേറ്റ് അടുക്കുംതോറും പ്രേക്ഷകരുടെ ആകാംഷ കൊടുമുടി കയറുന്നു. അഡ്വാൻസ് ബുക്കിങ് ആരംഭിച്ച നിമിഷം മുതൽ ടിക്കറ്റിനായി സിനിമാപ്രേമികൾ ഇരച്ചുകയറുകയായിരുന്നു. ആദ്യദിന കണക്കുകൾ മാത്രം നോക്കിയാൽ, രാജ്യത്തുടനീളം മൂന്നു ലക്ഷത്തിലധികം ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിലാണ് വിറ്റഴിഞ്ഞത്. ഗ്രോസ് ബുക്കിങ് മാത്രം 11.74 കോടി കവിഞ്ഞു. ബ്ലോക്ക് ചെയ്ത സീറ്റുകളുടെ കണക്ക് കൂടി ചേർത്താൽ ആദ്യദിന വരുമാനം മാത്രം 20 കോടി രൂപയിലേക്ക് അടുക്കുകയാണ്!
യഷിന്റെ സ്വന്തം തട്ടകമായ കർണാടകയിലാണ് റെക്കോഡുകൾ കാറ്റിൽപ്പറത്തി ബുക്കിങ് മുന്നേറുന്നത്. കന്നഡ പതിപ്പിന് പുറമെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. വടക്കേ അമേരിക്ക ഉൾപ്പെടെയുള്ള വിദേശ മാർക്കറ്റുകളിലും ഇന്ത്യൻ സിനിമയുടെ കരുത്ത് വിളിച്ചോതുന്ന രീതിയിലാണ് മുൻകൂട്ടിയുള്ള ടിക്കറ്റ് വിൽപ്പന. വരുന്ന ഞായറാഴ്ചകളിൽ സിനിമാപ്രേമികളുടെ പ്രധാന താവളം തിയേറ്ററുകൾ തന്നെയാകുമെന്ന് ഉറപ്പ്.