Kannada

ഗീതു മോഹൻദാസ് ഇൻ ആക്ഷൻ: ക്യാപ്റ്റന് ജന്മദിനാശംസയുമായി 'ടോക്സിക്' ബിടിഎസ് വീഡിയോ

പപ്പപ്പ ഡസ്‌ക്‌

സംവിധായിക ഗീതു മോഹൻദാസിന്റെ ജന്മദിനത്തിന്റെ ഭാ​ഗമായി, അവരുടെ സർഗ്ഗാത്മകതയിലേക്കും ശക്തമായ സാന്നിധ്യത്തിലേക്കും ശ്രദ്ധയൂന്നി 'ടോക്സിക്' സെറ്റിൽ നിന്നുള്ള പ്രത്യേക ബിഹൈൻഡ് ദി സീൻസ്(ബിടിഎസ്) വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന്റെ യട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്.

ഈ ജന്മദിന സ്പെഷ്യൽ വീഡിയോയിൽ സംവിധായകയെന്ന നിലയിൽ 'ഫുൾ ഫോമി'ലാണ് ​ഗീതു. ഷോട്ടുകൾ കൃത്യമായി നിർദ്ദേശിച്ചും, വൻതോതിലുള്ള ആക്ഷൻ രംഗങ്ങൾ നിയന്ത്രിച്ചും, അഭിനേതാക്കളുടെ പ്രകടനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയും, ഒരു കൂറ്റൻ ഷൂട്ടിങ് സംഘത്തെ അതീവ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും നയിച്ചുമെല്ലാം നിറയുന്ന ഒരാളെ ഇതിൽ കാണാം.

ഗീതു മോഹൻദാസിന് ജന്മദിനാശംസ നേർന്നുള്ള 'ടോക്സിക്' ടീമിന്റെ വീഡിയോയിൽ നിന്ന്

'വ്യത്യസ്തമായ അനുഭവം സമ്മാനിച്ച ഓരോ ഷോട്ടിനും പിന്നിൽ, ഡയലോഗുകൾക്ക് പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സംസാരിച്ച ഓരോ നിശബ്ദതയ്ക്കും പിന്നിൽ അവരുണ്ടായിരുന്നു! ജന്മദിനാശംസകൾ @geetu_mohandas,' എന്ന സന്ദേശത്തോടൊപ്പമാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായ 'ടോക്സിക്' യാഥാർത്ഥ്യമാക്കുന്നതിൽ സംവിധായികയെന്ന നിലയിൽ ​ഗീതുവിന്റെ സജീവവും ശക്തവുമായ പങ്കാളിത്തത്തെ ഈ വീഡിയോ ആഘോഷമാക്കുന്നു.

ഗീതു മോഹൻദാസിന് ജന്മദിനാശംസ നേർന്നുള്ള 'ടോക്സിക്' ടീമിന്റെ വീഡിയോയിൽ നിന്ന്

വെറുമൊരു ബിഹൈൻഡ് ദി സീൻ കാഴ്ച എന്നതിനപ്പുറം, ഈ ദൃശ്യങ്ങൾ ചിത്രത്തിന്റെ വലിയ സ്കെയിൽ വ്യക്തമാക്കുന്നതിനൊപ്പം ഗീതുവിന്റെ പ്രവർത്തന മികവിനെയും ഉയർത്തിക്കാട്ടുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വാണിജ്യമൂല്യമുള്ള താരം റോക്കിങ് സ്റ്റാർ യാഷിന് മുന്നിൽ ആത്മവിശ്വാസത്തോടെ സീനുകൾ വിശദീകരിക്കുന്ന ​ഗീതുവിന് കൈയടി നല്കുകയാണ് വീഡിയോ കണ്ടവർ മുഴുവൻ.

​'ടോക്സിക്' സെറ്റിൽ യാഷിന് നിർദേശം നല്കുന്ന ഗീതു മോഹൻദാസ്. ബിടിഎസ് വീഡിയോയിൽ നിന്ന്

ഇത്രയും വലിയ ക്യാൻവാസിലുള്ളതും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതുമായ ഒരു പ്രോജക്ട് നിയന്ത്രിക്കാൻ ഇന്ത്യൻ സിനിമയിൽ മുന്നോട്ട് വന്നിട്ടുള്ള വളരെ ചുരുക്കം ചില വനിതാ സംവിധായികമാരിൽ ഒരാളായ ഗീതു, ഈ വമ്പൻ പ്രൊഡക്ഷന്റെ കേന്ദ്രബിന്ദുവായി നിന്ന് അതിനെ ആത്മവിശ്വാസത്തോടെ നയിക്കുകയും സിനിമയുടെ ഓരോ വശങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു.

ഗീതു മോഹൻദാസിന് ജന്മദിനാശംസ നേർന്നുള്ള 'ടോക്സിക്' ടീമിന്റെ വീഡിയോയിൽ നിന്ന്

വിപുലമായ സെറ്റുകൾ, സങ്കീർണ്ണമായ ആക്ഷൻ സീക്വൻസുകൾ, വൻതോതിലുള്ള അന്താരാഷ്ട്ര പ്രൊഡക്ഷൻ എന്നിവയെല്ലാം കൈകാര്യം ചെയ്യുമ്പോൾ തന്നെ, തന്റെ സർഗ്ഗാത്മക വീക്ഷണവും പ്രവർത്തനപരമായ ഇച്ഛാശക്തിയും ഒരുമിച്ച് കൊണ്ടുപോകുന്ന ഒരു സംവിധായികയെയാണ് ഈ ദൃശ്യങ്ങളിൽ കാണാനാകുക.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന ചിത്രത്തിൽ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ​ഗീതുവും യാഷും ചേർന്നാണ് രചന.

കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന 'ടോക്സിക്', അതിന്റെ വലിയ കാൻവാസ് കൊണ്ടും, നിർമ്മാണ ശൈലി കൊണ്ടും, അതുല്യമായ സർഗ്ഗാത്മക വീക്ഷണം കൊണ്ടും നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്. ഇന്ത്യൻ സിനിമ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമാറ്റിക് വിരുന്ന് ഉടൻ തന്നെ ലോകമെമ്പാടും റിലീസ് ചെയ്യും.