കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രുക്മിണി വസന്തിന്റെ താരപദവിയിലേക്കുള്ള വളർച്ച അമ്പരപ്പിക്കുന്നതാണ്. വെറും ഏഴുവർഷം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം സ്വന്തമാക്കാൻ താരത്തിനുസാധിച്ചു. കന്നഡയിൽ തുടങ്ങി തെലുങ്കും തമിഴും പിന്നിട്ട് ആ വിജയയാത്ര ഇപ്പോൾ മലയാളത്തിലെത്തി നില്കുന്നു. നിവിൻപോളിക്കൊപ്പം മോളിവുഡിലേക്കെത്തുകയാണ് രുക്മിണി.
2019-ൽ 'ബീർബൽ ട്രിലോജി' എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു തുടക്കം. പക്ഷേ 2023-ൽ പുറത്തിറങ്ങിയ ‘സപ്ത സാഗരദാച്ചെ എല്ലോ’യാണ് രുക്മിണിയെ കന്നഡസിനിമയിലെ തിരക്കേറിയ താരമാക്കിമാറ്റിയത്. അങ്ങനെ കാന്താരയിലെ നായികാപദവിയിൽ വരെയെത്തി രുക്മിണി. ഇതിനിടെ 'അപ്പുഡോ ഇപ്പുഡോ എപ്പുഡോ'യിലൂടെ തെലുങ്കിലേക്കും 'മദ്രാസി'യിലൂടെ തമിഴിലേക്കും ചുവടുവച്ചു. യഷിന്റെ 'ടോക്സിക്' ആണ് ഏറ്റവും ഒടുവിൽ റിലീസായി ചിത്രം. ഇതിൽ മെലിസ എന്ന കഥാപാത്രത്തെയാണ് രുക്മിണി അവതരിപ്പിച്ചത്. രജനികാന്തിന്റെ, ചിത്രീകരണം പുരോഗമിക്കുന്ന 'ധർമനി'ലെ നായികയും രുക്മിണിയാണ്.
‘ടോക്സിക്’ സിനിമയുടെ പ്രമോഷൻ വേളയിൽ താരങ്ങൾ തങ്ങളുടെ കരിയറിലെ പോരാട്ടങ്ങളും അനുഭവങ്ങളും തുറന്നുപറഞ്ഞിരുന്നു. ആ വേദിയിൽ തന്റെ സിനിമായാത്ര എങ്ങനെയാണ് ആരംഭിച്ചതെന്ന് രുക്മിണിയും വിശദമാക്കി. അത് ഒരു സിനിമയെ വെല്ലുന്ന മുഹൂർത്തങ്ങളുള്ള സംഭവകഥയായിരുന്നു.
‘സപ്ത സാഗരദാച്ചെ എല്ലോ’ ചിത്രത്തിലേക്കുള്ള കാസ്റ്റിങ് നടക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് സംവിധായകൻ ഹേമന്ത് റാവുവിന് അപ്രതീക്ഷിതമായി ഇൻസ്റ്റഗ്രാം ഡിഎം അയച്ചതെന്ന് രുക്മിണി വെളിപ്പെടുത്തി. തുടർന്ന് ഇമെയിലിലൂടെ തന്റെ റെസ്യൂമെ അയച്ച് അവസരം തേടി. ധൈര്യപൂർവമുള്ള നീക്കം എന്നാണ് രുക്മിണി ഇതിനെ വിളിക്കുന്നത്. ഏകദേശം പത്ത് ദിവസത്തിന് ശേഷം ഹേമന്ത് റാവു പ്രതികരിക്കുകയും ഓഡിഷന് ക്ഷണിക്കുകയും ചെയ്തു. അങ്ങനെയാണ് ചിത്രത്തിലെ പ്രിയ എന്ന കഥാപാത്രത്തിലേക്ക് രുക്മിണി എത്തിയത്. ഇന്നും താൻ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ‘സപ്ത സാഗരദാച്ചെ എല്ലോ’യിലെ പ്രിയയെന്നും താരം പറയുന്നു.
അവസരത്തിനായി അയച്ച ഒരു ഇൻസ്റ്റഗ്രാം ഡിഎമ്മിൽ നിന്ന് താരപദവിയിലേക്കുള്ള രുക്മിണിയുടെ യാത്ര, ആത്മവിശ്വാസത്തോടെയുള്ള പരിശ്രമം ഒരിക്കലും പാഴാകില്ലെന്നതിന്റെ മികച്ച ഉദാഹരണമാണെന്നാണ് സിനിമാപ്രേമികൾ പറയുന്നത്.