'ടോക്സിക്' ടീസറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Kannada

ടോക്‌സിക് ടീസര്‍: 'ഇത് ചിത്രീകരിച്ചത് ​ഗീതുവോ!' അതിശയിച്ച് ആർജിവി

പപ്പപ്പ ഡസ്‌ക്‌

കന്നഡ സൂപ്പര്‍ താരം യാഷിന്റെ നാല്പതാം ജന്മദിനത്തില്‍ പുറത്തിറങ്ങിയ ടോക്‌സിക് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഒരേസമയം തരംഗവും വിവാദവുമാകുന്നതിനിടെ സംവിധായിക ​ഗീതു മോഹൻദാസിന് അഭിനന്ദനവുമായി പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാം​ഗോപാൽ വർമ. ടീസര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആർജിവി. ഗീതു മോഹന്‍ദാസിനെപ്പോലെ ഒരു മാസ് സിനിമ ചെയ്യുക എന്നതു പുരുഷ സംവിധായകനും ക്ലേശകരമാണെന്നാണ് വര്‍മയുടെ അഭിപ്രായം. എക്‌സിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്. ഗീതു മോഹന്‍ദാസ് സ്ത്രീ ശാക്തീകരണത്തിന്റെ പരമമായ പ്രതീകമാണെന്ന് അദ്ദേഹം കുറിച്ചു:

'ടോക്‌സിക് ടീസര്‍ കണ്ടപ്പോള്‍ എനിക്ക് ഒരു കാര്യത്തില്‍ സംശയമില്ല, ഗീതു മോഹന്‍ദാസാണ് സ്ത്രീ ശാക്തീകരണത്തിന്റെ യഥാര്‍ഥ മാതൃക. ഈ സ്ത്രീക്ക് മുന്നില്‍ നില്‍ക്കാന്‍ മാത്രം ആണത്തമുള്ള ഒരു പുരുഷ സംവിധായകനും നിലവിലില്ല. ഗീതുവാണ് ഇത് ചിത്രീകരിച്ചതെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.... റാം ഗോപാല്‍ കുറിച്ചു.

രാം​ഗോപാൽ വർമ

ഒരു ശവസംസ്‌കാര ചടങ്ങില്‍ നിന്നാണ് ടീസര്‍ ആരംഭിക്കുന്നത്. ശാന്തമായ അന്തരീക്ഷത്തിലേക്ക് ഇരച്ചു കയറുന്ന ഒരു കാര്‍ ആ നിശബ്ദതയെ ഭേദിക്കുന്നു. പിന്നാലെ കാറിനുള്ളിൽ ഒരു ലൈം​ഗികവേഴ്ച. അതിന്റെ മൂർധന്യത്തിൽ സംഭവിക്കുന്ന സ്‌ഫോടനത്തോടെയാണ് യാഷിന്റെ മാസ് എന്‍ട്രി. മൂടല്‍മഞ്ഞിലൂടെ സിഗരറ്റ് വലിച്ച്, ഉടുപ്പില്ലാതെ, ടാറ്റൂ പതിപ്പിച്ച കരുത്തുറ്റ ശരീരവുമായി എത്തുന്ന യാഷിന്റെ ഓരോ ചലനവും ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. 'ഡാഡി ഈസ് ഹോം' എന്ന ഒറ്റ ഡയലോഗിലൂടെ യാഷ് തന്റെ അപ്രമാദിത്വം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

'ടോക്സിക്' ടീസറിൽ നിന്ന്

കെവിഎന്‍ പ്രൊഡക്ഷന്‍സും യാഷിന്റെ സ്വന്തം നിര്‍മാണക്കമ്പനിയായ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദിയിലും പുറത്തിറങ്ങും. യാഷിനൊപ്പം നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.