വിജയ്ദേവരകൊണ്ടയും രശ്മിക മന്ദാനയും, ഋഷഭ് ഷെട്ടി അറേഞ്ച്ഡ്
Kannada

'വിറോഷ്' വിവാഹത്തിൽ പ്രതികരിക്കാതെ ഋഷഭ് ഷെട്ടി: 'കിറിക് പാര്‍ട്ടി' പിണക്കം ഇപ്പോഴും?

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളികള്‍ക്കും പ്രിയപ്പെട്ട താരജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഉദയ്പുരില്‍ വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു മംഗളകര്‍മങ്ങള്‍. അതേസമയം, വിവാഹവാര്‍ത്തയോട് രശ്മികയുടെ ആദ്യ ചിത്രമായ 'കിറിക് പാര്‍ട്ടി'യുടെ സംവിധായകന്‍ ഋഷഭ് ഷെട്ടി പ്രതികരിച്ച രീതിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലും ചലച്ചിത്രലോകത്തും ചര്‍ച്ചയാകുന്നത്.

പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രമായ 'ജയ് ഹനുമാന്റെ' ലോഞ്ചിന് ശേഷം മന്ദ്രാലയം ശ്രീ രാഘവേന്ദ്ര ഗുരുവൈഭവോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു ഋഷഭ്. മാധ്യമങ്ങളോട് തന്റെ പുതിയ പ്രോജക്ടിനെക്കുറിച്ചു താരം സന്തോഷത്തോടെ സംസാരിച്ചു. എന്നാല്‍, സംഭാഷണത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ രശ്മികയുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചതോടെ ഋഷഭിന്റെ ഭാവം മാറി. 'സര്‍, രശ്മിക മന്ദാന വിവാഹിതയാകുകയാണല്ലോ, നിങ്ങള്‍ക്ക് ക്ഷണം ലഭിച്ചോ..?' എന്ന ചോദ്യത്തിനു മറുപടി നല്‍കാതെ, ഒരു ചെറുപുഞ്ചിരിയോടെ 'താങ്ക്യൂ...' എന്ന് മാത്രം പറഞ്ഞ് ഋഷഭ് അവിടെനിന്നു നടന്നുനീങ്ങി.

കിറിക് പാർട്ടിയുടെ പ്രൊമോഷൻ ചടങ്ങിൽ രശ്മിക മന്ദാന,ഋഷഭ് ഷെട്ടി,രക്ഷിത് ഷെട്ടി എന്നിവർ

ഋഷഭ് ഷെട്ടിയുടെ ഈ പ്രതികരണത്തിന് പിന്നില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ചില അസ്വാരസ്യങ്ങളുണ്ട്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കിറിക് പാര്‍ട്ടി'യിലൂടെയാണ് രശ്മിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ നായകന്‍ രക്ഷിത് ഷെട്ടിയുമായി രശ്മിക പ്രണയത്തിലാവുകയും 2017-ല്‍ ഇരുവരും വിവാഹനിശ്ചയം നടത്തുകയും ചെയ്തു. എന്നാല്‍ 2018-ല്‍ ഈ ബന്ധം തകര്‍ന്നു. ഇത് കര്‍ണാടകയില്‍ വലിയ ചര്‍ച്ചയായിരുന്നു.

രശ്മിക മന്ദാനയ്ക്കും സംയുക്ത ഹെഡ്​ഗേക്കുമൊപ്പം രക്ഷിത് ഷെട്ടി കിറിക് പാർട്ടിയുടെ പ്രൊമോഷൻ ചടങ്ങിൽ

2023-ല്‍ രശ്മിക നല്‍കിയ അഭിമുഖത്തിനിടെ രക്ഷിത് ഷെട്ടിയുടെ പരംവ സ്റ്റുഡിയോസിനെ പരിഹസിച്ചതും വലിയ വിവാദമായിരുന്നു. ഇതിനു മറുപടിയായി, ഇത്തരം നടിമാരേക്കാള്‍ തനിക്ക് താത്പര്യം പുതുമുഖങ്ങളെവച്ച് സിനിമ ചെയ്യാനാണെന്ന് ഋഷഭ് തുറന്നടിക്കുകയും ചെയ്തു. വിമര്‍ശനങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും ഉദയ്പുരില്‍ താരദമ്പതികളുടെ വിവാഹം കെങ്കേമമായി നടന്നു. രാവിലെ 10:10-ന് തെലുങ്ക് ആചാരപ്രകാരവും, വൈകുന്നേരം അഞ്ചിന് രശ്മികയുടെ കൊടവ പാരമ്പര്യമനുസരിച്ചും മംഗളകര്‍മങ്ങള്‍ നടന്നു.