രന്യ റാവു ഫോട്ടോ കടപ്പാട്-ഐഎംഡിബി
Kannada

സ്വര്‍ണക്കടത്ത്: കന്നഡ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ദുബായില്‍നിന്ന് സ്വര്‍ണം കടത്തിയ കേസില്‍ കന്നഡ നടി രന്യ റാവുവിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) 102 കോടി രൂപ പിഴ ചുമത്തി. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ കെ. രാമചന്ദ്ര റാവുവിന്റെ രണ്ടാം ഭാര്യയുടെ മകളാണ് നടി. ദുബായില്‍നിന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി 14.2 കിലോഗ്രാം സ്വര്‍ണം രാജ്യത്തേക്കു കൊണ്ടുവരാന്‍ ശ്രമിച്ചതിന് മാര്‍ച്ച് മൂന്നിനാണ് രന്യ അറസ്റ്റിലായത്. രാജ്യത്തെ വന്‍ സ്വര്‍ണക്കടത്തു കേസുകളിലൊന്നായിരുന്നു ഇത്. സംഭവം കന്നഡ സിനിമാ വ്യവസായത്തെയും ബിസിനസ് സമൂഹത്തെയും ഒരുപോലെ ഇളക്കിമറിച്ചു.

കള്ളക്കടത്തിന്റെ മുഖ്യകണ്ണി രന്യയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മറ്റു മൂന്നു പേരും പിടിയിലായിരുന്നു. വ്യവസായി തരുണ്‍ കൊണ്ടരാജു, സ്വര്‍ണ വില്‍പ്പന കൈകാര്യം ചെയ്യുന്ന ജ്വല്ലറിക്കാരായ സാഹില്‍ സഖാരിയ ജെയിന്‍, ഭരത് കുമാര്‍ ജെയിന്‍ എന്നിവരാണു പിടിയിലായത്. നാലുപേരും പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്.

പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ വിപണി മൂല്യവും കസ്റ്റംസ് തീരുവയും ഉള്‍പ്പെടെയാണ് പിഴ കണക്കാക്കിയത്. സാമ്പത്തിക പിഴ നിലവിലുള്ള ക്രിമിനല്‍ നടപടികള്‍ക്ക് പകരമാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതൊരു പിഴ മാത്രമാണെന്നും നിയമപ്രകാരമുള്ള നടപടികള്‍ തുടരുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. നടിയുടെ പങ്കാളിത്തം മാത്രമല്ല, ഹവാല ഇടപാടുകാരുമായും അതിര്‍ത്തി കടന്നുള്ള സാമ്പത്തിക ശൃംഖലകളുമായുമുള്ള ബന്ധവും അന്വേഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ സ്വര്‍ണം കടത്തുന്ന കള്ളക്കടത്ത് സംഘങ്ങളുമായി താരത്തിനും കൂട്ടുപ്രതികള്‍ക്കും ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.കോഫെപോസ പ്രകാരമുള്ള കേസില്‍ സാമ്പത്തിക പിഴയ്ക്കു പുറമേ, ജയില്‍ശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് നിയമവിദ​​ഗ്ദ്ധര്‍ പറഞ്ഞു.