
മൂന്നു വര്‍ഷം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവില്‍ 'കാന്താര'യുടെ ഷൂട്ടിങ് പൂര്‍ത്തിയായി. നിരവധി സങ്കീര്‍ണമായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചാണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനായത്. ആദ്യ ഭാഗത്തില്‍ ചലച്ചിത്രാസ്വാദകര്‍ കണ്ട കഥയുടെ മുമ്പുനടന്ന ചില സംഭവങ്ങളാണ് രണ്ടാം ഭാഗത്തില്‍ കാണാന്‍ കഴിയുക. 250 ദിവസമാണ് 'കാന്താര' ചിത്രീകരണത്തിനുവേണ്ടിവന്നത്.
നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടി സ്വന്തം വോയിസ് ഓവറോടു കൂടിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് 'കാന്താര'യുടെ പാക്ക്അപ് വാര്‍ത്ത അറിയിച്ചത്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങളും ആരാധകര്‍ക്കുവേണ്ടി പങ്കുവച്ചിട്ടുണ്ട്. മൂന്നുവർഷമെടുത്തു ചിത്രം പൂർത്തിയാകാൻ. 250 ദിവസത്തെ ചിത്രീകരണമാണു നടന്നത്. ഇതിനിടയില്‍ നിരന്തര അപകടങ്ങളും സിനിമയെ വിടാതെ പിന്തുടര്‍ന്നിരുന്നു. 'എത്ര കഷ്ടപ്പെട്ടുവെങ്കിലും ഞാന്‍ വിശ്വസിച്ച ദൈവം എന്നെ കൈവിട്ടില്ല...' എന്നാണ് വീഡിയോയില്‍ ഋഷഭ് ഷെട്ടി പറയുന്നത്.
'കാന്താര'യില്‍ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടിയാടുന്ന പിതാവിന്റെ കഥയാണ് രണ്ടാംഭാഗം പറയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹോംബാലെ പ്രൊഡക്ഷന്‍സ് നിർമിക്കുന്ന സിനിമയുടെ തിരക്കഥ ഋഷഭ് ഷെട്ടിയുടേത് തന്നെയാണ്. അനിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരു എന്നിവരാണ് സഹ എഴുത്തുകാര്‍.
വലിയ ഹിറ്റുകളുടെ തമ്പുരാനായ യുവ സംഗീതസംവിധായകന്‍ അജനീഷ് ലോക്‌നാഥ് ആണ് 'കാന്താര'യ്ക്കായി സംഗീതം നിര്‍വഹിക്കുന്നത്. 16 കോടിയോളമാണ് ആദ്യഭാഗത്തിനായി ചെലവഴിച്ചതെങ്കില്‍ അതിന്റെ മൂന്നിരട്ടിയിലേറെയാണ് രണ്ടാംഭാഗത്തിനായി ചെലവഴിച്ചത്. ആരാധകരെ കാത്തിരിപ്പിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന 'കാന്താര'യുടെ റീലീസ് ഒക്ടോബർ രണ്ടിനുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.