കിരൺരാജ് ഫോട്ടോകടപ്പാട്-ഐഎംഡിബി
Kannada

'777 ചാര്‍ലി'ക്ക് ശേഷം കിരണ്‍രാജ് ബോളിവുഡിലേക്ക്,ഒപ്പം ധ്രുവ് സർജ സിനിമയും

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഒരു മനുഷ്യന്റെയും നായയുടെയും അപൂര്‍വ ബന്ധത്തിന്റെ കഥ പറഞ്ഞ് സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്ന ചിത്രമായിരുന്നു '777 ചാര്‍ലി'. കണ്ണീരും പുഞ്ചിരിയും ഇടകലര്‍ന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കന്നഡ സിനിമയുടെ അതിരുകള്‍ മായ്ച്ചുകളഞ്ഞ ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകന്‍ കിരണ്‍രാജ്. കെ അടുത്തതായി എന്ത് ചെയ്യുമെന്ന ചോദ്യം കുറച്ചുകാലമായി സിനിമാലോകത്ത് സജീവമായിരുന്നു. ആ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഉത്തരം ലഭിക്കുകയാണ്. കിരണ്‍രാജ് തന്റെ അടുത്ത വന്‍ ചുവടുവെയ്പിന് ഒരുങ്ങുന്നു, അതും ബോളിവുഡിലേക്ക്!

കന്നഡ ഇന്‍ഡസ്ട്രിയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ, ഹിന്ദി സിനിമയിലെ മുന്‍നിര താരങ്ങളെ അണിനിരത്തി തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് കളമൊരുക്കുകയാണ് ഈ യുവ സംവിധായകന്‍. ബോളിവുഡിലെ പ്രമുഖ താരങ്ങളുമായി കിരണ്‍രാജ് ചര്‍ച്ചകള്‍ നടത്തുകയാണ്. സെയ്ഫ് അലി ഖാന്‍, കാര്‍ത്തിക് ആര്യന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് നടന്‍ ജോണ്‍ അബ്രഹാമിനൊപ്പം നില്‍ക്കുന്ന കിരണ്‍രാജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോൾ തന്നെ അദ്ദേഹം ബോളിവുഡിലേക്ക് ചുവടുവെക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

കിരൺരാജ് '777 ചാർലി'യിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നായയ്ക്കൊപ്പം

ബോളിവുഡിലെ ഒരു വന്‍കിട നിര്‍മാണ കമ്പനിയുമായി പ്രോജക്ടിന്റെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും, അഭിനേതാക്കളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായാലുടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വിവരങ്ങള്‍.

അതേസമയം, കന്നഡയിലെ ആക്ഷന്‍ പ്രിന്‍സ് ധ്രുവ സര്‍ജയെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ തിരക്കഥാ ജോലികളും കിരണ്‍രാജ് ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. '777 ചാര്‍ലി'യില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പ്രമേയമായിരിക്കും ധ്രുവ സര്‍ജ ചിത്രത്തിനെന്നാണ് സൂചന. ബോളിവുഡ് പ്രോജക്ടിന് മുമ്പാണ് അതോ അതിന് ശേഷമാണോ ധ്രുവ സര്‍ജ ചിത്രം സെറ്റിലെത്തുക എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ വ്യക്തത വരും.

'777 ചാർലി'യിൽ നിന്ന്

2022 ജൂണില്‍ റിലീസ് ചെയ്ത '777 ചാര്‍ലി' കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും വന്‍ വിജയമാണ് നേടിയത്. രക്ഷിത് ഷെട്ടി അവതരിപ്പിച്ച ധര്‍മ എന്ന ഏകാന്തനായ മനുഷ്യന്റെ ജീവിതത്തിലേക്ക് ചാര്‍ലി എന്ന തെരുവുനായ കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ കാതല്‍. കേവലം ഒരു പ്രാദേശിക സിനിമ എന്നതിലുപരി സാര്‍വലൗകികമായ വികാരങ്ങളെ കൃത്യമായി സ്പര്‍ശിക്കാന്‍ കഴിഞ്ഞതാണ് കിരണ്‍രാജ് എന്ന സംവിധായകനെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയനാക്കിയത്.