'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' പോസ്റ്റർ, കൊച്ചിയിലെ ഫാൻസ് ഷോയ്ക്കായി ഒപ്പിട്ടുനല്കിയ ടിക്കറ്റുമായി ടോം ഹോളണ്ട് 
Hollywood

കൊച്ചിയെ ഞെട്ടിച്ച് 'സ്‌പൈഡര്‍മാന്‍'; ഫാന്‍സ് ഷോ ടിക്കറ്റ് ലോഞ്ച് ചെയ്ത് ടോം ഹോളണ്ട്

പപ്പപ്പ റിപ്പോര്‍ട്ടര്‍

കേരളത്തിലെ മാര്‍വല്‍ സിനിമാ പ്രേമികള്‍ ആവേശത്തിന്റെ കൊടുമുടിയില്‍. ടോം ഹോളണ്ട് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ഫാന്‍സ് ഷോയുടെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാല്‍ ടോം ഹോളണ്ട്!

ബെര്‍ലിനില്‍ നടന്ന ഫാന്‍ ഇന്ററാക്ഷനിടയിലാണ് ഈ അപൂര്‍വ നിമിഷം അരങ്ങേറിയത്. കൊച്ചിയിലെ പ്രമുഖ തിയേറ്ററായ വിനീതയില്‍ നടക്കാനിരിക്കുന്ന ഫാന്‍സ് ഷോയുടെ ഒഫീഷ്യല്‍ ടിക്കറ്റില്‍ ടോം ഹോളണ്ട് ഒപ്പുവെക്കുകയും ലോഞ്ച് ചെയ്യുകയും ചെയ്യുന്ന വീഡിയോ ഫാന്‍സ് കമ്യൂണിറ്റി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കൊച്ചിയിലെ ഫാൻസ് ഷോയ്ക്കായി ഒപ്പിട്ടുനല്കിയ ടിക്കറ്റുമായി ടോം ഹോളണ്ട്

മാര്‍വല്‍ ഫാന്‍സ് ഇന്ത്യയ്ക്കും മാര്‍വല്‍ ഫാന്‍സ് കേരളയ്ക്കും വേണ്ടി പ്രതിനിധിയായി എത്തിയ ആന്റണി ഇമ്മാനുവലിനാണ് ടിക്കറ്റ് കൈമാറിയത്. ഇന്ത്യയിലെ മാര്‍വല്‍ ആരാധകരെ സംബന്ധിച്ച് ഇതൊരു ചരിത്ര നിമിഷമാണെന്ന് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറിച്ചു. മാര്‍വല്‍ ഫാന്‍സ് കേരള സ്റ്റേറ്റ് ഹെഡ് ഐവിന്‍ ജോണ്‍സ്, കോമിക് മന്ത്ര സ്ഥാപകന്‍ സാന്‍ റാംശങ്കര്‍, കേരള പോപ്പ് കോണ്‍ കോ-ഫൗണ്ടര്‍ ശ്രീനന്ദന്‍ ചെങ്ങന്നൂര്‍ എന്നിവരുടെ പിന്തുണയ്ക്കും സംഘടന നന്ദി അറിയിച്ചു.

'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' പ്രചരണാർഥമുള്ള പരിപാടിയിൽ ആരാധകർക്ക് ഓട്ടോ​ഗ്രാഫ് നല്കുന്ന ടോം ഹോളണ്ട്

ഇന്ത്യയിലുടനീളം ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചതിന് പിന്നാലെയാണ് ഈ ആവേശ വാര്‍ത്ത പുറത്തുവന്നത്. ജൂലൈ 30-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, കൂടാതെ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ചിത്രം ആസ്വദിക്കാം. ഒന്നിലധികം പ്രീമിയം ലാര്‍ജ് ഫോര്‍മാറ്റുകളില്‍ ചിത്രം റിലീസ് ചെയ്യും.

'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ട്രെയിലറിൽ നിന്ന്

'സ്‌പൈഡര്‍മാന്‍: നോ വേ ഹോം' എന്ന ചിത്രത്തിലെ സംഭവങ്ങള്‍ക്ക് ശേഷമുള്ള പീറ്റര്‍ പാര്‍ക്കറുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഡോക്ടര്‍ സ്‌ട്രേഞ്ചിന്റെ മന്ത്രവാദത്തോടെ പീറ്റര്‍ പാര്‍ക്കര്‍ ആരാണെന്ന് ലോകം മുഴുവന്‍ മറന്നിരുന്നു. തന്റെ പ്രാണപ്രിയയായ എംജെയും സുഹൃത്ത് നെഡും പോലും തന്നെ തിരിച്ചറിയാത്ത ഒരു ലോകത്ത് പീറ്റര്‍ തന്റെ ജീവിതം പൂജ്യത്തില്‍ നിന്ന് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതാണ് കഥാ പശ്ചാത്തലം.

ഇതിനിടയില്‍ മൈക്കല്‍ മാന്‍ഡോ അവതരിപ്പിക്കുന്ന 'സ്‌കോര്‍പിയോണ്‍', ജോണ്‍ ബെര്‍ന്തലിന്റെ 'പണിഷര്‍' എന്നീ വില്ലന്മാരെയും 'ദി ഹാന്‍ഡ്' എന്ന നിഗൂഢ സംഘടനയെയും സ്‌പൈഡര്‍മാന് നേരിടേണ്ടി വരുന്നുണ്ട്. ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ഹോളണ്ടിനൊപ്പം സെന്‍ഡായ, ജേക്കബ് ബറ്റാലണ്‍, മാര്‍ക്ക് റഫലോ, ലിസ കോളന്‍-സയാസ് തുടങ്ങിയ വന്‍ താരനിരയാണ് അണിനിരക്കുന്നത്.