

വിശ്വപ്രസിദ്ധ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ബ്രഹ്‌മാണ്ഡ ചിത്രം 'ദ് ഒഡീസി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഹോമറുടെ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി നോളന്‍ ഒരുക്കുന്ന ചിത്രം, ചലച്ചിത്രലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ്. സ്റ്റീഫന്‍ കോള്‍ബെര്‍ട്ടിന്റെ ഷോയിലൂടെ പുറത്തുവിട്ട ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍തരംഗമായി മാറി.
ഒഡീസിയസ് എന്ന കേന്ദ്ര കഥാപാത്രമായി മാറ്റ് ഡാമന്‍ എത്തുമ്പോള്‍ ഹോളിവുഡിലെ വമ്പന്‍ താരനിരയാണു ചിത്രത്തില്‍ അണിനിരക്കുന്നത്. ടോം ഹോളണ്ട്, ആന്‍ ഹാത്വേ, സെന്‍ഡയ, റോബര്‍ട്ട് പാറ്റിന്‍സണ്‍, ലുപിത ന്യോംഗോ, ചാര്‍ലിസ് തെറോണ്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ട്രോജന്‍ യുദ്ധത്തിനു ശേഷം ഇതാക്കയുടെ രാജാവായ ഒഡീസിയസ് കടലിലൂടെ നടത്തുന്ന സാഹസികമായ തിരിച്ചുവരവും അതിനിടയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം.
സാങ്കേതിക മികവിന്റെ കാര്യത്തില്‍ നോളന്‍ വീണ്ടും വിസ്മയിപ്പിക്കുകയാണ്. ലോകസിനിമാ ചരിത്രത്തില്‍ ആദ്യമായി പൂര്‍ണമായും ഐമാക്‌സ് ഫോര്‍മാറ്റില്‍ ചിത്രീകരിച്ച ഫീച്ചര്‍ ഫിലിം എന്ന ഖ്യാതി 'ദ് ഒഡീസി' സ്വന്തമാക്കി. പുതിയ ഐമാക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് രണ്ട് ദശലക്ഷത്തിലധികം അടി ഫിലിമിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ട്രെയിലറിലെ സമുദ്ര യുദ്ധങ്ങളും മിത്തിക്കല്‍ ദ്വീപുകളുടെ ദൃശ്യങ്ങളും പ്രേക്ഷകര്‍ക്ക് മുമ്പെങ്ങും ലഭിക്കാത്ത തിയേറ്റര്‍ അനുഭവമായിരിക്കും.
ജൂലായ് 17-ന് ആഗോളതലത്തില്‍ ചിത്രം റിലീസ് ചെയ്യും. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ആക്ഷനും വൈകാരികതയും ഒത്തുചേരുന്ന ഒരു ഇതിഹാസ യാത്രയായിരിക്കുമെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നു.