ഹോളിവുഡ് സിനിമകളെ നെഞ്ചേറ്റുന്ന ഇന്ത്യന്‍ സിനിമാ പ്രേമികളെ വീണ്ടും വിസ്മയിപ്പിച്ച് ടോം ഹോളണ്ട് ചിത്രം 'സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'. ബോക്സ് ഓഫീസില്‍ പണംവാരിപ്പടമായി മാറിയ ചിത്രം ഇന്ത്യയില്‍ 400 കോടി കളക്ഷന്‍ എന്ന നാഴികക്കല്ലും പിന്നിട്ട് കുതിപ്പ് തുടരുകയാണ്. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രം എന്ന അപൂര്‍വ നേട്ടവും പുതിയ സ്‌പൈഡര്‍മാന്‍ ചിത്രം സ്വന്തമാക്കി.
ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റൻ സംവിധാനം ചെയ്ത ഈ മാര്‍വല്‍ ചിത്രം ആഗോള റിലീസിന് ഒരു ദിവസം മുമ്പേ, ജൂലായ് 30-നാണ് ഇന്ത്യന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 462 കോടി രൂപയാണ് ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം വാരിയത്. ക്രിസ്റ്റോഫര്‍ നോളന്റെ 'ദ് ഒഡീസി' (189 കോടി), 'ഒബ്സെഷന്‍' (100 കോടിയിലധികം) തുടങ്ങിയ വമ്പന്‍ ഹോളിവുഡ് പ്രോജക്ടുകള്‍ സൃഷ്ടിച്ച റിലീസ് കളക്ഷന്‍ റെക്കോര്‍ഡുകളെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് ടോം ഹോളണ്ടിന്റെ ഈ വന്‍ കുതിപ്പ്.
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 38-ാമത് ചിത്രമായ 'ബ്രാന്‍ഡ് ന്യൂ ഡേ' കെവിന്‍ ഫൈഗിയും ആമി പാസ്‌കലും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. സൂപ്പര്‍ഹീറോ എന്ന ഭാരമുള്ള ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പുതിയ പ്രതിസന്ധികളും, ശരീരത്തിലും ജീവിതത്തിലും ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളോട് പൊരുതുന്ന പീറ്റര്‍ പാര്‍ക്കറുടെ ജീവിതവുമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്.