99-ാമത് ഓസ്‌കര്‍ അക്കാദമി അവാര്‍ഡുകളുടെ അന്താരാഷ്ട്ര ഫീച്ചര്‍, ആനിമേറ്റഡ്, ഡോക്യുമെന്ററി വിഭാഗങ്ങളിലെ യോഗ്യതാ പട്ടികകള്‍ പുറത്തുവിട്ടു. ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായ മറാഠി ചിത്രം 'ഗോന്ധല്‍' അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ യോഗ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ഫീച്ചര്‍, ഡോക്യുമെന്ററി വിഭാഗങ്ങളില്‍ 104 ചിത്രങ്ങളാണ് ഇടംപിടിച്ചത്. ഇത് റെക്കോഡ് ആണ്. ഇന്ത്യയില്‍നിന്നുള്ള 'ഗോന്ധലി'ന് പുറമെ കാന്‍സില്‍ പാം ഡി ഓര്‍ നേടിയ റൊമാനിയന്‍ ചിത്രം 'എഫ്‌ജോര്‍ഡ്', ബെര്‍ലിനാലെ ഗോള്‍ഡന്‍ ബെയര്‍ ജേതാവായ 'യെല്ലോ ലെറ്റേഴ്‌സ്', സണ്‍ഡാന്‍സ് ഗ്രാന്‍ഡ് ജൂറി പ്രൈസ് നേടിയ 'ഷെയിം ആന്‍ഡ് മണി', മജീദ് മജീദിയുടെ 'മിഡ്‌ഡേ മീല്‍' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും പട്ടികയിലുണ്ട്.
ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ 190 ചിത്രങ്ങളാണ് മത്സരിക്കുന്നത്. ഇതും പുതിയ റെക്കോഡാണ്. 'നൈഫ്: ദ അറ്റംപ്റ്റഡ് മര്‍ഡര്‍ ഓഫ് സല്‍മാന്‍ റുഷ്ദി', 'ആസ് ഇ. ജീന്‍', 'മാര്‍ക്ക് ബൈ സോഫിയ', 'മസ്‌ക്', 'എപിക്: എല്‍വിസ് പ്രെസ്‌ലി ഇന്‍ കോണ്‍സേര്‍ട്ട്', 'മാന്‍ ഓണ്‍ ദ റണ്‍', 'ദ് ട്രയല്‍ ഓഫ് അലക് ബാള്‍ഡ്‌വിന്‍', യു ക്യാന്‍ സീ എവരിതിങ്' തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.
ആനിമേറ്റഡ് ഫീച്ചര്‍ വിഭാഗത്തില്‍ 38 ചിത്രങ്ങളാണ് യോഗ്യതാ പട്ടികയിലുള്ളത്. 'ടോയ് സ്റ്റോറി 5', 'ദ് സൂപ്പര്‍ മരിയോ ഗാലക്‌സി മൂവി', 'ഷോണ്‍ ദ് ഷീപ്പ്: ദ് ബീസ്റ്റ് ഓഫ് മോസി ബോട്ടം', 'ഹോപ്പേഴ്‌സ്, റേ ഗണ്‍', 'വൈല്‍ഡ്വുഡ്','ഓള്‍ യു നീഡ് ഈസ് കില്‍', 'കോസ്മിക് പ്രിന്‍സസ് കഗുയ' തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
മഹാരാഷ്ട്രയിലെ പരമ്പരാഗത 'ഗോന്ധല്‍' ആചാരത്തെയും നാടോടി കലാരൂപത്തെയും ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഗോന്ധല്‍. സന്തോഷ് ദവാഖര്‍ സംവിധാനം ചെയ്ത ചിത്രത്തിന് 2025-ലെ 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള സില്‍വര്‍ പീക്കോക്ക് പുരസ്‌കാരം ലഭിച്ചിരുന്നു.
സമ്പന്നമാണെങ്കിലും അസന്തുഷ്ട ദാമ്പത്യത്തില്‍ കുടുങ്ങുന്ന സുമന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ വഞ്ചനയിലേക്കും കൊലപാതകത്തിലേക്കും നയിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇഷിത ദേശ്മുഖ്, കിഷോര്‍ കദം, യോഗേഷ് സോഹോനി, നിഷാദ് ഭോയിര്‍, അനുജ് പ്രഭു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
യോഗ്യതാ പട്ടികയില്‍ ഇടംപിടിച്ചു എന്നതുകൊണ്ട് ചിത്രം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടുവെന്നോ നാമനിര്‍ദേശം ലഭിച്ചുവെന്നോ അര്‍ഥമില്ല. മത്സരത്തിന് അര്‍ഹത നേടി എന്നുമാത്രം. ഡിസംബര്‍ 15ന് ആണ് ഷോര്‍ട്ട്ലിസ്റ്റ് പ്രഖ്യാപനം. 2027 ജനുവരി 21ന് അന്തിമ നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കും. 2027 മാര്‍ച്ച് 14ന് ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ ആണ് ലോകം കാത്തിരിക്കുന്ന അവാര്‍ഡ് ദാന ചടങ്ങ്.