ലോകസിനിമയിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ഓസ്‌കറിന്റെ (അക്കാദമി അവാര്‍ഡ്സ്) 99, 100 പതിപ്പുകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. 99-ാമത് ഓസ്‌കാര്‍ അവാര്‍ഡ് നിശ 2027 മാര്‍ച്ച് 14-നും ചരിത്രപരമായ 100-ാം പതിപ്പ് 2028 മാര്‍ച്ച് അഞ്ചിനും നടക്കുമെന്ന് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് അറിയിച്ചു. ഹോളിവുഡിലെ ഡോള്‍ബി തിയറ്ററിലായിരിക്കും രണ്ടു ചടങ്ങുകളും അരങ്ങേറുക.
നിലവില്‍ എബിസി നെറ്റ്വര്‍ക്കിലൂടെയാണ് പുരസ്‌കാര ചടങ്ങുകള്‍ തത്സമയം ലോകമെമ്പാടും സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ 2028-ലെ നൂറാം പതിപ്പോടെ എബിസിയുമായുള്ള കരാര്‍ അവസാനിക്കും. 2029 മുതല്‍ ഓസ്‌കര്‍ പുരസ്‌കാര ചടങ്ങുകള്‍ യൂട്യൂബിലൂടെയായിരിക്കും പ്രേക്ഷകരിലേക്കെത്തുക. ഇത് ഡിജിറ്റല്‍ ലോകത്തെ ഓസ്‌കറിന്റെ പുതിയൊരു തുടക്കമായി മാറും.
തീയതികള്‍ക്കും സംപ്രേക്ഷണ മാറ്റത്തിനുമൊപ്പം വേദിയുടെ കാര്യത്തിലും വലിയ മാറ്റമാണു വരുന്നത്. 2029 മുതല്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് ഓസ്‌കര്‍ വേദി നിലവിലെ ഡോള്‍ബി തിയേറ്ററില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലെ 'പീക്കോക്ക് തിയേറ്ററിലേക്ക്' മാറും. ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളില്‍ അവാര്‍ഡ് നിശ തത്സമയം ലഭ്യമാകുമെന്ന് അക്കാദമി സ്ഥിരീകരിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന 99-ാമത് ഓസ്‌കറിനായുള്ള യോഗ്യതാ കാലയളവ് 2026 ജനുവരി ഒന്നിനു തുടങ്ങി ഡിസംബര്‍ 31-ന് അവസാനിക്കും. 2027 ജനുവരി 21-നാണ് നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുക. നിലവില്‍ എബിസിക്ക് കാഴ്ചക്കാരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും, നൂറാം പതിപ്പില്‍ കാര്യങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷ. വരാനിരിക്കുന്ന ചടങ്ങുകളുടെ അവതാരകരെ അക്കാദമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.