ജെയിംസ് ബോണ്ട് സിനിമാപരമ്പരയിലെ ഏറ്റവും പ്രായം കൂടിയ 'ബോണ്ട് വുമണ്‍' എന്ന വിശേഷണം തന്റെ ജീവിതത്തിലെ അമ്പതുകളിലെ മാറ്റത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് തുറുന്നുപറഞ്ഞ് പ്രശസ്ത നടി മോണിക്ക ബെലൂച്ചി. 2015-ല്‍ പുറത്തിറങ്ങിയ 'സ്പെക്ടര്' എന്ന ചിത്രത്തിലെ ലൂസിയ സിയാറ എന്ന കഥാപാത്രം തന്റെ കരിയറിലെ നിര്‍ണായക ഘട്ടത്തില്‍ വന്നെത്തിയതാണെന്നും, പ്രായമാകുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ മറികടക്കാന്‍ ആ വേഷം സഹായിച്ചുവെന്നും അവര്‍ വ്യക്തമാക്കി. മാരാകെഷ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെയിലാണ് മോണിക്ക ബെല്ലൂച്ചി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
അമ്പത് വയസിലേക്ക് കടക്കുന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മോണിക്ക ബെലൂച്ചി സമ്മതിച്ചു. യുവത്വത്തിന് വലിയ പ്രാധാന്യം നല്കുന്ന സിനിമാ ലോകത്ത് പ്രായം കടന്നുപോകുമ്പോള്‍ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് സ്വാഭാവികമായും അനിശ്ചിതത്വങ്ങളുണ്ടാകും. തനിക്ക് 50 വയസുള്ളപ്പോള്‍ അതുവരെ 50 വയസുള്ള ബോണ്ട് വുമണിനെ കണ്ടിട്ടില്ലായിരുന്നുവെന്നും, അതിനാല്‍ താന്‍ ബോണ്ട് പരമ്പരയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണെന്നു കരുതുന്നതെന്നും അവര്‍ പറഞ്ഞു.
സംവിധായകന് സാം മെന്‍ഡസ് 'സ്പെക്ടര്' എന്ന ചിത്രത്തിലേക്ക് തന്നെ സമീപിച്ചതും, പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തവും ശക്തവുമായ വേഷമാണ് മനസിലുള്ളതെന്ന് പറഞ്ഞതും അവര്‍ ഓര്‍മിച്ചു. 'സ്പെക്ടര്' എന്ന ചിത്രത്തോടൊപ്പം എമിര്‍ കുസ്തുറിക്കയുടെ 'ഓണ്‍ ദ് മില്‍ക്കി റോഡ്' എന്ന ചിത്രത്തിലും അഭിനയിക്കാന്‍ കഴിഞ്ഞത് മാറ്റത്തിന്റെ ഘട്ടത്തില്‍ വലിയ കരുത്തായി. ഒരേസമയം ശക്തമായ രണ്ട് കഥാപാത്രങ്ങള്‍ ലഭിച്ചത് അമ്പതുകളിലേക്കുള്ള തന്റെ യാത്ര സുഗമമാക്കിയെന്ന് മോണിക്ക വ്യക്തമാക്കി.
വനിതാ സംവിധായകരുടെ എണ്ണം സിനിമയില്‍ വര്‍ധിച്ചുവരുന്നതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. സ്ത്രീകള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ വാക്കുകള്‍ക്കതീതമായ ധാരണയും ആത്മബന്ധവും ഉണ്ടാകാറുണ്ടെന്നും, അതുകൊണ്ടുതന്നെ കഴിയുമ്പോഴെല്ലാം വനിതാ സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രായമാകുന്നതിനനുസരിച്ച് അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ വരുമെന്ന് മോണിക്ക നിരീക്ഷിച്ചു. നമ്മുടെ ശരീരമാണ് ഏറ്റവും പ്രധാനം. ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ കഥാപാത്രങ്ങളിലും മാറ്റങ്ങള്‍ വരും, അത് നമ്മുടെ മറ്റൊരു ഭാവം പുറത്തുകൊണ്ടുവരികയാണ് ചെയ്യുന്നത്. പ്രായവും ലിംഗഭേദവും സംബന്ധിച്ച പരമ്പരാഗത ധാരണകളെ സിനിമ ക്രമേണ മറികടന്നു വരികയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
തനിക്ക് സിനിമ ഏറെ ഇഷ്ടമാണെങ്കിലും ജീവിതത്തോടാണ് കൂടുതല്‍ ഇഷ്ടമെന്നും, സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പമുള്ള നിമിഷങ്ങള്‍ വലുതാണെന്നും മോണിക്ക ബെലൂച്ചി കൂട്ടിച്ചേര്‍ത്തു.