ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പര്‍ഹിറ്റ് അഡ്വഞ്ചര്‍-കോമഡി ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമായ 'ജുമാന്‍ജി: ഓപ്പണ്‍ വേള്‍ഡ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡ്വെയ്ന്‍ ജോണ്‍സണ്‍ , കെവിന്‍ ഹാര്‍ട്ട്, ജാക്ക് ബ്ലാക്ക്, കരണ്‍ ഗില്ലന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം ഇത്തവണ തികച്ചും വ്യത്യസ്തവും വന്‍ ആക്ഷന്‍ നിറഞ്ഞതുമായ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.
മുന്‍ ഭാഗങ്ങളില്‍ കഥാപാത്രങ്ങള്‍ ഗെയിമിന്റെ സാങ്കല്പിക ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നുവെങ്കില്‍, ഇത്തവണ ജുമാന്‍ജി ഗെയിം കണ്‍സോളില്‍ നിന്ന് പുറത്തുചാടി യഥാര്‍ഥ ലോകത്തിലേക്ക് കടന്നുകയറുകയാണ്. കാട്ടിലെ ഭയാനകമായ ജീവികളും മൃഗങ്ങളും ശാന്തമായ തെരുവുകളിലേക്ക് പാഞ്ഞടുക്കുന്നതും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതുമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം.
വീണ്ടും ഗെയിമിലേക്ക് കടന്ന് കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രധാന കഥാപാത്രങ്ങളുടെ അവതാരങ്ങള്‍ റിയല്‍ വേള്‍ഡില്‍ ഡെമോ മോഡില്‍ പെട്ടുപോകുന്നതും വലിയ ഹാസ്യമുഹൂര്‍ത്തങ്ങള്‍ക്ക് വഴിതുറക്കുന്നു.
1995-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ, അന്തരിച്ച നടന്‍ റോബിന്‍ വില്യംസ് നായകനായ 'ജുമാന്‍ജി' എന്ന ക്ലാസിക് ചിത്രത്തിനുള്ള ആദരവ് കൂടിയാണ് ഈ ചിത്രം. റോബിന്‍ വില്യംസിന്റെ കഥാപാത്രത്തെ സ്മരിക്കുന്ന ചില ഈസ്റ്റര്‍ എഗ്ഗുകളും ചിത്രത്തിലുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
'ജുമാന്‍ജി: വെല്‍ക്കം ടു ദ് ജംഗിള്‍' (2017), 'ജുമാന്‍ജി: ദി നെക്സ്റ്റ് ലെവല്‍' (2019) എന്നീ ആദ്യ രണ്ടു ഭാഗങ്ങളും സംവിധാനം ചെയ്ത ജേക്ക് കാസ്ദാന്‍ തന്നെയാണ് ഈ അന്തിമ അധ്യായവും ഒരുക്കുന്നത്.
ഡ്വെയ്ന്‍ ജോണ്‍സണ്‍, കെവിന്‍ ഹാര്‍ട്ട്, ജാക്ക് ബ്ലാക്ക്, കരണ്‍ ഗില്ലന്‍, അലക്‌സ് വുള്‍ഫ്, ഡാനി ഡെവിറ്റോ, നിക്ക് ജോനാസ്, അക്വാഫിന തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ക്രിസ്മസ് ദിനത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.