

2000-ല്‍ പുറത്തിറങ്ങി ആഗോളതലത്തില്‍ വന്‍ തരംഗമായി മാറിയ 'ഗ്ലാഡിയേറ്റര്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ആദ്യ ഭാഗത്തിന്റെ വിജയം ആവര്‍ത്തിക്കാന്‍ കഴിയാതെ പോയതിന്റെ കാരണം വ്യക്തമാക്കി നടന്‍ റസല്‍ ക്രോ രംഗത്ത്. ചിത്രത്തിന് പ്രേക്ഷകരുമായി ഒരു വൈകാരികബന്ധം സ്ഥാപിക്കാനായില്ലെന്ന് ക്രോ അഭിപ്രായപ്പെട്ടു. ടാവോര്‍മിന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോള്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ക്രോ.
ആദ്യ ഭാഗത്തില്‍ മാക്സിമസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റസല്‍ ക്രോ, അന്ന് സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ചില അനുഭവങ്ങളും പങ്കുവച്ചു. മാക്സിമസും ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളും തമ്മിലുള്ള ലൈംഗികരംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ സ്റ്റുഡിയോയുടെയും നിര്‍മാതാക്കളുടെയും ഭാഗത്തുനിന്നു വലിയ സമ്മര്‍ദമുണ്ടായിരുന്നു.
എന്നാല്‍ തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മരണത്തിനു പ്രതികാരം വീട്ടാന്‍ ഇറങ്ങിത്തിരിച്ച ഒരു മനുഷ്യന്റെ യാത്രയില്‍ അങ്ങനെയൊരു രംഗം ഉള്‍പ്പെടുത്തുന്നത് കഥയുടെ വൈകാരികതയെ തകര്‍ക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംവിധായകന്‍ റിഡ്‌ലി സ്‌കോട്ട് തന്റെ നിലപാടിനോട് യോജിച്ചതുകൊണ്ടാണ് അന്ന് ആ രംഗങ്ങള്‍ ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം, 2024-ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിന് ആദ്യ ചിത്രത്തിന്റെ അത്രപോലും കളക്ഷന്‍ നേടാനായില്ലെന്ന് റസല്‍ ക്രോ ചൂണ്ടിക്കാണിച്ചു. ആദ്യ സിനിമ വിജയിക്കാനുള്ള യഥാര്‍ഥ കാരണം മനസിലാക്കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഗ്ലാഡിയേറ്റര്‍ കേവലം പുരുഷന്മാര്‍ക്കു വേണ്ടിയുള്ള ഒരു ആക്ഷന്‍ ചിത്രം മാത്രമല്ലെന്ന് ക്രോ പറയുന്നു. പ്രതികാരത്തിനപ്പുറം, ഏതൊരു പ്രതിസന്ധിയിലും ശക്തമായി നിലകൊള്ളാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്കും, തന്നെ ഇത്രയധികം സ്നേഹിക്കുന്ന പങ്കാളിയെ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നായി മാറാന്‍ ആ ധാര്‍മിക മൂല്യങ്ങള്‍ ചിത്രത്തിനു നല്‍കിയ കരുത്താണ് ചിത്രത്തിന്റെ വിജയത്തെ സഹായിച്ചത്.
പോള്‍ മെസ്‌കല്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ രണ്ടാം ഭാഗം വലിയ ക്യാന്‍വാസില്‍ തന്നെയാണ് ഒരുക്കിയതെങ്കിലും, ആദ്യ ഭാഗം സൃഷ്ടിച്ച ആഴത്തിലുള്ള സ്വാധീനം നിലനിര്‍ത്താന്‍ അതിന് സാധിച്ചില്ലെന്ന റസല്‍ ക്രോയുടെ വാക്കുകള്‍ ഇപ്പോള്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.