ലോകമെമ്പാടുമുള്ള 'യുഎസ് വിരുദ്ധ വികാരം' ഹോളിവുഡ് സിനിമകളെ പ്രതികൂലമായി ബാധിക്കുന്നതായി ഡിസിയു മേധാവിയും സൂപ്പർമാൻ സംവിധായകനുമായ ജെയിംസ് ഗൺ. 'ഹോളിവുഡിൽ ബ്ലോക്ക്ബസ്റ്ററുകളുടെ കഷ്ടകാലം ആരംഭിച്ചുകഴിഞ്ഞു. എഫ് 1, ജുറാസിക് വേൾഡ്: റീബർത്ത്, സൂപ്പർമാൻ എന്നീ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും വിദേശരാജ്യങ്ങളിൽ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല. യുഎസിനു പുറത്ത് ഹോളിവുഡിന്റെ സ്വാധീനം കുറയുന്നത് ആശങ്കാജനകമാണ്. ഇന്ന് മിക്ക ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രങ്ങളും ആഭ്യന്തരവിപണിയിൽ ഹിറ്റ് ആണ്. എന്നാൽ, ചില വിദേശരാജ്യങ്ങളിൽ തണുപ്പൻ പ്രതികരണമാണു ലഭിക്കുന്നത്. കുറച്ചു വർഷങ്ങൾക്കു മുന്പ് അങ്ങനെയായിരുന്നില്ല. ഇതിന്റെ പ്രധാനകാരണം ലോകമെന്പാടും പടരുന്ന അമേരിക്കൻ വിരുദ്ധവികാരമാണ്'- ജെയിംസ് ഗൺ പറഞ്ഞു.
സൂപ്പർമാൻ മിന്നുന്നു?
രണ്ടാം വാരാന്ത്യത്തിന്റെ അവസാനത്തോടെ, സൂപ്പർമാൻ ആഭ്യന്തര വിപണിയിൽ (യുഎസിലും കാനഡയിലും) 236 മില്യൺ ഡോളർ നേടി. എന്നാൽ, വിദേശത്ത് 173 മില്യൺ ഡോളർ ആണ് നേടാൻ കഴിഞ്ഞത്. ആഭ്യന്തരവരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ. ഇത്രയും വലിയ സിനിമയ്ക്ക് 60-40 എന്ന അനുപാതത്തിൽ വേർതിരിവ് അസാധാരണമാണ്. അതേസമയം, 'സൂപ്പർമാൻ' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുകയാണ്. ഗണ്ണിന്റെ ഡിസി യൂണിവേഴ്സിലെ ആദ്യ ചിത്രമായ 'സൂപ്പർമാൻ' ലോകമെമ്പാടുമായി 409 മില്യൺ ഡോളർ ഇതുവരെ നേടിയെന്നാണ് അണിയറക്കാർ പുറത്തുവിടുന്ന കണക്ക്.