അടുത്ത ജെയിംസ് ബോണ്ട് ആരാണെന്ന് നിർമാതാക്കൾ തീരുമാനിച്ചുകഴിഞ്ഞുവെന്നും എന്നാൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവായ നടൻ ഗാരി ഓൾഡ്മാൻ. തന്റെ ഹിറ്റ് സീരീസായ 'സ്ലോ ഹോഴ്സസ്' സഹതാരം ജാക്ക് ലോഡൻ ഈ വേഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
അടുത്ത ജെയിംസ് ബോണ്ടിനായുള്ള അവസാന ചുരുക്കപ്പട്ടികയിൽ ജാക്ക് ലോഡന്റെ പേരുണ്ടെന്ന് കേട്ടിരുന്നതായി ഓൾഡ്മാൻ പറഞ്ഞു. പുതിയ ബോണ്ടിനെ സ്റ്റുഡിയോ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ആ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കോട്ടിഷ് നടനായ ജാക്ക് ലോഡൻ അടുത്ത 007 ആയി എത്തുന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡാനിയൽ ക്രെയ്ഗ് സ്ഥാനമൊഴിഞ്ഞതിനു ശേഷം ആമസോൺ എംജിഎം സ്റ്റുഡിയോസ് പുതിയ ബോണ്ടിനായുള്ള തിരച്ചിലിലായിരുന്നു. ഹാരിസ് ഡിക്കിൻസൺ, കാലം ടർണർ, ജേക്കബ് എലോർഡി തുടങ്ങിയ പ്രമുഖ യുവതാരങ്ങളുടെ പേരുകൾ ഈ വേഷത്തിനായി സജീവമായി പരിഗണിച്ചിരുന്നു.
ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്യുന്ന അടുത്ത ബോണ്ട് ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വരാനിരിക്കുന്ന വർഷത്തിൽ ആരംഭിക്കാനിരിക്കെയാണ് ഗാരി ഓൾഡ്മാന്റെ നിർണായക വെളിപ്പെടുത്തൽ. പുതിയ ജെയിംസ് ബോണ്ടായി ജാക്ക് ലോഡൻ തന്നെയെത്തുമോ അതോ മറ്റാരെങ്കിലും ആയിരിക്കുമോ എന്ന ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.