ഹോളിവുഡ് സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ആഗോള സിനിമാമാമാങ്കത്തിന് ഇക്കുറി വേദിയാകുന്നത് നമ്മുടെ സ്വന്തം ബി ടൗണ്‍ മുംബൈ ആണ്. വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ ഒരു ചിത്രത്തിന് ഇന്ത്യയില്‍വെച്ച് പ്രീമിയര്‍ ഷോ ഒരുങ്ങുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്. തന്റെ പുത്തന്‍ ദൃശ്യവിസ്മയമായ 'ദ് ഒഡീസി'യുടെ ഇന്ത്യന്‍ പ്രീമിയറിനായി നോളനും ഹോളിവുഡിന്റെ പ്രിയ താരം ടോം ഹോളണ്ടും മുംബൈയിലെത്തിക്കഴിഞ്ഞു.
മുംബൈ എയര്‍പോര്‍ട്ടിലും താജ്മഹല്‍ പാലസ് ഹോട്ടലിലും ഇരുവരെയും ക്യാമറയില്‍ പകര്‍ത്താന്‍ ആരാധകരുടെയും മാധ്യമങ്ങളുടെയും വന്‍ തിരക്കായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവും നോളന്റെ പങ്കാളിയുമായ എമ്മ തോമസും ഇവര്‍ക്കൊപ്പമുണ്ട്. ചിത്രത്തിലെ മറ്റൊരു താരം മാറ്റ് ഡാമനും ഉടന്‍ തന്നെ മുംബൈയിലെത്തും
ഹോമറിന്റെ വിഖ്യാത ഗ്രീക്ക് ഇതിഹാസത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന 'ദ് ഒഡീസി', പൂര്‍ണമായും പുതിയ ഐമാക്‌സ് ക്യാമറകള്‍ മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച ലോകത്തിലെ ആദ്യ ഫീച്ചര്‍ ഫിലിം എന്ന വിപ്ലവകരമായ റെക്കോഡോടെയാണ് എത്തുന്നത്.
ജൂലായ് 17-ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നതിന് മുന്നോടിയായി 10, 11 തിയതികളിലാണ് മുംബൈയില്‍ ഇതിന്റെ പ്രീമിയര്‍ ഷോ. മെട്രോ നഗരങ്ങളില്‍ 3,300 രൂപ വരെയുള്ള പ്രീമിയം ഐമാക്‌സ് ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കകമാണ് വിറ്റുതീര്‍ന്നത്. ആന്‍ ഹാതവേ, സെന്‍ഡയ, റോബര്‍ട്ട് പാറ്റിന്‍സണ്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന നോളന്‍ ചിത്രം തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നുറപ്പാണ്.