ഹോളിവുഡിന്റെ ചരിത്രവഴികളില്‍ പുതിയൊരു നാഴികക്കല്ലായി ക്രിസ്റ്റഫര്‍ നോളന്റെ ദൃശ്യവിസ്മയം 'ദ് ഒഡീസി' കുതിപ്പുതുടരുന്നു. എക്കാലത്തെയും ഉയര്‍ന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന 'ആര്‍-റേറ്റഡ്' സിനിമയെന്ന വന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ചിത്രം ഇപ്പോള്‍ ലോക സിനിമാവേദിയെ ഞെട്ടിച്ചിരിക്കുന്നത്. റയാന്‍ റെയ്‌നോള്‍ഡ്‌സ്-ഹു ജാക്ക്മാന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി തരംഗം സൃഷ്ടിച്ച 'ഡെഡ്പൂള്‍ ആന്റ് വുള്‍വറിന്‍' ഉണ്ടാക്കിയ സര്‍വകാല റെക്കോഡാണ് ആഗോളതലത്തില്‍ തകര്‍ത്തെറിയപ്പെട്ടത്.
റിലീസ് ചെയ്ത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ 1.1 ബില്യണ്‍ ഡോളറിലധികം (ഏകദേശം 9,000 കോടിയിലധികം രൂപ) കളക്ഷന്‍ വാരിക്കൂട്ടിയാണ് ചിത്രം ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്. മുന്‍പ് 1.08 ബില്യണ്‍ ഡോളര്‍ നേടി ഒന്നാമതുണ്ടായിരുന്ന 'ഡെഡ്പൂള്‍ ആന്റ് വുള്‍വറിന്‍' ഇനി രണ്ടാം സ്ഥാനത്തേക്ക് വഴിമാറും.
ആക്ഷനും വയലന്‍സിനും മുന്‍ഗണന നല്‍കുന്ന സാധാരണ ആര്‍-റേറ്റഡ് ചിത്രങ്ങളില്‍നിന്ന് വേറിട്ട്, ക്ലാസിക് സാഹിത്യത്തെ ആസ്പദമാക്കി ഒരുക്കിയ ഗൗരവമേറിയ ചലച്ചിത്രം ഇത്രയും വലിയ സാമ്പത്തിക വിജയം നേടുന്നത് ഹോളിവുഡില്‍ അപൂര്‍വ സംഭവമാണ്. ആര്‍-റേറ്റഡ് സിനിമകളുടെ ബോക്‌സ് ഓഫീസ് സാധ്യതകളെത്തന്നെ നോളൻസിനിമ തിരുത്തിയെഴുതി.
ഹോമറിന്റെ ഗ്രീക്ക് ഇതിഹാസ കാവ്യത്തിന് നോളന്‍ നല്‍കിയ ദൃശ്യാവിഷ്‌കാരം തിയേറ്ററുകളില്‍ വന്‍ മാസ്മരികാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. സാങ്കേതിക തികവും ആഴത്തിലുള്ള കഥപറച്ചിലും കൊണ്ട് ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരെയും നിരൂപകരെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചു. മാറ്റ് ഡാമണ്‍, ടോം ഹോളണ്ട്,ആനി ഹാത്ത്വേ,സെൻഡയ തുടങ്ങിയ വമ്പന്‍ താരനിരയുടെ പ്രകടനവും സിനിമയുടെ മാറ്റുകൂട്ടുന്നു.