ക്രിസ്റ്റഫര്‍ നോളന്‍ എന്ന ഹോളിവുഡ് സംവിധായകന്‍, ഇതിഹാസ ചലച്ചിത്രകാരന്‍ സത്യജിത്ത് റേയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇന്ത്യന്‍ സിനിമയ്ക്കു വലിയൊരു അംഗീകാരമായി മാറി. സത്യജിത്ത് റായിയുടെ മാസ്റ്റര്‍പീസായ 'ദ് അപു ട്രിലോളജി'യെയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഓസ്‌കര്‍ ജേതാവായ നോളന്‍.
ലോകസിനിമയിലെ മികച്ച ക്ലാസിക്കുകള്‍ സൂക്ഷിച്ചിരിക്കുന്ന ന്യൂയോര്‍ക്കിലെ പ്രശസ്തമായ 'ക്രൈറ്റീരിയന്‍ ക്ലോസെറ്റ്' സന്ദര്‍ശിച്ചപ്പോഴാണ് നോളന്‍ റേയോടുള്ള തന്റെ ആരാധന തുറന്നുപറഞ്ഞത്. തനിക്കു പ്രിയപ്പെട്ട സിനിമകള്‍ തിരഞ്ഞെടുക്കുന്ന കൂട്ടത്തില്‍ സത്യജിത്ത് റേയുടെ 'ദ് അപു ട്രിലോളജി' എടുത്തുകാണിച്ചാണ് അദ്ദേഹം സംസാരിച്ചത്.
സത്യജിത്ത് റായ് ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളാണെന്ന് വിശേഷിപ്പിച്ച നോളന്‍, ട്രിലോളജിയിലെ ആദ്യ ചിത്രമായ 'പഥേര്‍ പാഞ്ചാലി' (1955) തന്നില്‍ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും വ്യക്തമാക്കി:'തീര്‍ത്തും അവിശ്വസനീയമായ ചിത്രമാണത്. ആ സിനിമ എന്നെ പാടെ അദ്ഭുതപ്പെടുത്തി...'
അപു ട്രിലോളജിയിലെ തുടര്‍ന്നുള്ള രണ്ട് ഭാഗങ്ങളായ 'അപരാജിതോ' (1956), 'അപുര്‍ സന്‍സാര്‍' (1959) എന്നിവ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും, ഈ കളക്ഷന്‍ വീട്ടില്‍ കൊണ്ടുപോയി കണ്ടുതീര്‍ക്കാനുള്ള ആകാംക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവലുകളെ ആസ്പദമാക്കി സത്യജിത്ത് റായ് ഒരുക്കിയ അപു ട്രിലോളജി, ബംഗാളിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ വളരുന്ന അപു എന്ന കഥാപാത്രത്തിന്റെ ബാല്യം മുതല്‍ മുതിര്‍ന്ന കാലം വരെയുള്ള ജീവിതമാണ് പ്രമേയമാക്കുന്നത്. കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങള്‍ ലോകസിനിമയിലെ തന്നെ നാഴികക്കല്ലുകളായാണ് കണക്കാക്കപ്പെടുന്നത്.
ഹോമറിന്റെ ഇതിഹാസത്തെ ആസ്പദമാക്കി മാറ്റ് ഡാമണ്‍, ആനി ഹാത്ത്വേ, ടോം ഹോളണ്ട് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നോളന്‍ സംവിധാനം ചെയ്ത 'ദ് ഒഡീസി' തിയേറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുന്നതിനിടയിലാണ്, ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ആചാര്യന് നോളന്‍ നല്‍കിയ ആദരം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.