വെള്ളിത്തിരയിൽ ഭയത്തിന്റെ പുതിയൊരു ലോകം തീർത്ത കെയ്ൻ പാർസൺസ് ചിത്രം 'ബാക്ക്റൂംസ്' (Backrooms) ആഗോള ബോക്സ് ഓഫീസിൽ ചരിത്രക്കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് വെറും മൂന്നു വാരങ്ങൾ പിന്നിടുമ്പോൾ ലോകമെമ്പാടുനിന്നുമായി 250 മില്യൺ ഡോളർ എന്ന മാന്ത്രികസംഖ്യയും കടന്നു മുന്നേറുകയാണ് സൈക്കോളജിക്കൽ ഹൊറർ ചിത്രം. ഹൊറർ സിനിമകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച കളക്ഷൻ നേടിയ 'ഗെറ്റ് ഔട്ട്', 'അസ്', 'അന്നാബെല്ലെ', 'എ ക്വയറ്റ് പ്ലേസ്: ഡേ വൺ' എന്നിവയുടെയെല്ലാം റെക്കോഡുകൾ 'ബാക്ക്റൂംസ്' ഇതിനോടകം മറികടന്നു കഴിഞ്ഞു.
നിലവിൽ ലോക സിനിമയിലെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളുടെ കളക്ഷൻ പട്ടികയിൽ 34-ാം സ്ഥാനം കെയ്ൻ പാർസൺസ് ചിത്രത്തിനു സ്വന്തമാണ്. വടക്കേ അമേരിക്കൻ വിപണിയിൽ മാത്രം ചിത്രം 160 മില്യൺ ഡോളർ നേടി മുന്നേറുകയാണ്. 2026-ൽ ഈ നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഹൊറർ ചിത്രമാണിത്. അന്താരാഷ്ട്ര വിപണിയിൽ നിന്നും 102.3 മില്യൺ ഡോളർ ചിത്രം സ്വന്തമാക്കി.
വടക്കേ അമേരിക്ക - 160.0 മില്യൺ ഡോളർ
അന്താരാഷ്ട്ര വിപണി - 102.3 മില്യൺ ഡോളർ
ആകെ ആഗോള കളക്ഷൻ 262.3 മില്യൺ ഡോളർ.
മൂന്നാം വാരത്തിൽ തിയേറ്ററുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിൽ ചിത്രം 300 മില്യൺ മുതൽ 340 മില്യൺ ഡോളർ വരെ വാരിക്കൂട്ടുമെന്നാണ് സിനിമാ ലോകത്തെ പ്രമുഖ ട്രാക്കർമാരുടെ പ്രവചനം.
ഇന്റർനെറ്റിൽ തരംഗമായ 'ബാക്ക്റൂംസ്' ക്രീപ്പിപാസ്തയെയും യൂട്യൂബിൽ കോടിക്കണക്കിന് ആളുകൾ കണ്ട കെയ്ൻ പാർസൺസിന്റെ തന്നെ വെബ് സീരീസിനെയും ആസ്പദമാക്കിയാണ് ഹോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ എ24 ചിത്രം ഒരുക്കിയിരിക്കുന്നത്.
ഒരു ഫർണിച്ചർ ഷോപ്പ് ഉടമയായ ക്ലാർക്കും (ചിവെറ്റൽ എജിയോഫോർ) അദ്ദേഹത്തിന്റെ തെറാപ്പിസ്റ്റായ മേരിയും (റെനേറ്റ് റെയിൻസ്വെ) ചേർന്ന് കടയുടെ ബേസ്മെന്റിനടിയിൽ ഒളിഞ്ഞിരിക്കുന്ന, ഒരിക്കലും അവസാനിക്കാത്ത നിഗൂഢമായ ലോകം കണ്ടെത്തുന്നതാണ് സിനിമയുടെ പ്രമേയം. പരമ്പരാഗത ജമ്പ്-സ്കെയറുകൾക്ക് പകരം പ്രേക്ഷകനെ മാനസികമായി ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞതാണ് ചിത്രത്തിന്റെ വൻ വിജയത്തിനു പിന്നിൽ.
മെയ് 29-ന് തിയേറ്ററുകളിലെത്തിയ ചിത്രം എ24 പ്രൊഡക്ഷൻസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഹൊറർ സിനിമാ പ്രേമികൾക്ക് ഈ വർഷം ലഭിച്ച ഏറ്റവും മികച്ച ദൃശ്യവിരുന്ന് തന്നെയാണ് 'ബാക്ക്റൂംസ്'.