മാര്‍വല്‍ സ്റ്റുഡിയോസിന്റെ എക്കാലത്തെയും വലിയ വിസ്മയം 'അവേഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം' റീ-റിലീസിനും ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റം. മുമ്പ് തിയേറ്ററുകളില്‍ കാണിക്കാത്ത സീനുകള്‍ ഉള്‍പ്പെടുത്തി എത്തിയ, എന്‍ഡ്ഗെയിമിന്റെ പ്രത്യേക തിയേറ്റര്‍ റീ-റിലീസായ 'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം എന്‍കോര്‍' വെറും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് 14.9 കോടി രൂപ നേടി.
വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനത്തില്‍ 7.5 കോടി രൂപയും രണ്ടാം ദിനമായ ശനിയാഴ്ച 7.4 കോടി രൂപയുമാണ് ലഭിച്ചത്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീ-റിലീസിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനുകളിലൊന്നാണിത്. മുമ്പ് ബോക്‌സ് ഓഫീസ് ചരിത്രങ്ങള്‍ കുറിച്ച ആദ്യ പതിപ്പിന് പിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍ പുത്തന്‍ സര്‍പ്രൈസുകളോടെ ഈ പതിപ്പ് തിയേറ്ററുകളിലെത്തിച്ചത്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് വരാന്ത്യ ദിനങ്ങളിലും മികച്ച പ്രേക്ഷക പങ്കാളിത്തമാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ അടുത്ത വമ്പന്‍ റിലീസായ 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് അഞ്ചുവര്‍ഷം മുമ്പിറങ്ങിയ 'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം' കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തി റീ-റിലീസ് ചെയ്തത്.
ഡിസംബര്‍ 18-നാണ് അവഞ്ചേഴ്സ്: ഡൂംസ്ഡേ തിയേറ്ററുകളില്‍ എത്തുന്നത്. റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഡോക്ടര്‍ ഡൂം എന്ന വില്ലന്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ക്രിസ് ഹെംസ്വര്‍ത്ത്, ക്രിസ് ഇവാന്‍സ്, ആന്റണി മാക്കി, പോള്‍ റൂഡ്, സെബാസ്റ്റ്യന്‍ സ്റ്റാന്‍, ഫ്‌ളോറന്‍സ് പ്യൂ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട്