ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' (Avengers: Doomsday) എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ മാര്‍വല്‍ സ്റ്റുഡിയോസ് പുറത്തുവിട്ടു. ഡിസ്‌നിയുടെ ഡി23 ഫാന്‍ കണ്‍വെന്‍ഷനില്‍ വച്ചാണ് രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ റിലീസ് ചെയ്തത്. റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രമായ ഡോക്ടർ ഡൂമിന്റെ ശക്തമായ തിരിച്ചുവരവും അതിശയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം.
ഇന്‍വിസിബിള്‍ വുമണ്‍ (സൂ സ്റ്റോം) ആയി എത്തുന്ന വനേസ കിര്‍ബിയുടെ വാക്കുകളോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഡോ.ഡൂമിന്റെ ഭയാനകമായ മാറ്റത്തെക്കുറിച്ച് മറ്റ് സൂപ്പര്‍ഹീറോകള്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തുടര്‍ന്ന് പെഡ്രോ പാസ്‌കല്‍ അവതരിപ്പിക്കുന്ന റീഡ് റിച്ചാഡ്‌സ് (മിസ്റ്റര്‍ ഫന്റാസ്റ്റിക്), ക്രിസ് ഹെംസ്വര്‍ത്തിന്റെ തോര്‍ എന്നിവര്‍ ഡോ.ഡൂമുമായി നേരിട്ട് ഏറ്റുമുട്ടുന്ന രംഗങ്ങള്‍ ട്രെയിലറിലുണ്ട്. തോറിന്റെ ഗ്രീന്‍ എനര്‍ജി ബ്ലാസ്റ്റും സന്റിനല്‍സിനെ നിയന്ത്രിക്കുന്ന ഡൂമിന്റെ രംഗങ്ങളും ട്രെയിലറിന് വലിയ ദൃശ്യഭംഗി നല്‍കുന്നു.
'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം' എന്ന ചിത്രത്തില്‍ ടോണി സ്റ്റാര്‍ക്കിന്റെ മരണശേഷം റോബര്‍ട്ട് ഡൗണി ജൂനിയര്‍ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റോബര്‍ട്ട് ഡൗണി ജൂനിയറിന് പുറമേ ക്രിസ് ഇവാന്‍സ് (സ്റ്റീവ് റോജേഴ്‌സ്), പോള്‍ റൂഡ് (ആന്റ് മാന്‍), ലെറ്റിഷ്യ റൈറ്റ് (ബ്ലാക്ക് പാന്തര്‍), സെബാസ്റ്റ്യന്‍ സ്റ്റാന്‍ (വിന്റര്‍ സോള്‍ജ്യര്‍), ടോം ഹിഡില്‍സ്റ്റണ്‍ (ലോക്കി), സിമു ലിയു (ഷാങ്-ചി) തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അവഞ്ചേഴ്‌സ്, ഫന്റാസ്റ്റിക് ഫോര്‍, തണ്ടര്‍ബോള്‍ട്ട്‌സ്, എക്‌സ്-മെന്‍ എന്നീ ഫ്രാഞ്ചൈസികളിലെ സൂപ്പര്‍ഹീറോകള്‍ ഒന്നിച്ച് ഡോ.ഡൂമിനെതിരെ പോരാടാന്‍ അണിനിരക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. പ്രൊഫസര്‍ ചാള്‍സ് സേവ്യറായി പാട്രിക് സ്റ്റുവാര്‍ട്ടും മാഗ്‌നെറ്റോയായി ഇയാന്‍ മക്കെല്ലനും വീണ്ടും എത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം ഡിസംബര്‍ 18-ന് റിലീസ് ചെയ്യും.