റിലീസിന് മുമ്പ് കഥയിലെ നിര്‍ണായക വഴിത്തിരിവുകളും സസ്പെന്‍സും പുറത്താകുന്നത് തടയാന്‍ കര്‍ശന നടപടിയുമായി മാര്‍വല്‍ സ്റ്റുഡിയോസ്. വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ പ്രമുഖ അവാര്‍ഡ് കമ്മിറ്റികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് മാര്‍വല്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അവാര്‍ഡ് നാമനിര്‍ദേശങ്ങള്‍ നഷ്ടപ്പെടുത്തിയാലും തിയേറ്റര്‍ റിലീസിന് മുമ്പ് പ്രേക്ഷകരിലേക്ക് 'സ്പോയിലറുകള്' എത്താതിരിക്കാനാണ് മാര്‍വല്‍ സ്റ്റുഡിയോസ് മുന്‍ഗണന നല്‍കുന്നത്.
ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ് അസോസിയേഷന്, ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍, നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ, ലോസ് ഏഞ്ചല്‍സ് ഫിലിം ക്രിട്ടിക്സ് അസോസിയേഷന് തുടങ്ങിയ അവാര്‍ഡ് ജൂറിക്കു മുന്നിലാണ് ചിത്രം പ്രദര്ശിപ്പിക്കേണ്ടതില്ലെന്നു മാര്‍വല്‍ തീരുമാനിച്ചത്.
മറ്റ് അവാര്‍ഡ് പ്രദര്‍ശനങ്ങള്‍ ഒഴിവാക്കുമ്പോഴും ഓസ്കര് പരിഗണനയ്ക്കായി ചിത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഷ്വല്‍ ഇഫക്ട്സ്, സൗണ്ട്, ഒറിജിനല്‍ സ്കോര്‍, മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈലിങ്, ഛായാഗ്രഹണം തുടങ്ങിയ സാങ്കേതിക വിഭാഗങ്ങളില്‍ ചിത്രം പരിഗണിക്കപ്പെട്ടേക്കാം.
ഡിസംബര്‍ ഏഴു മുതല്‍ പതിനൊന്നു വരെയാണ് ഓസ്കര് ഷോര്ട്ട്ലിസ്റ്റിനായുള്ള പ്രാഥമിക വോട്ടെടുപ്പ്. ചിത്രത്തിന്റെ പ്രീമിയറിന് തൊട്ടടുത്ത ദിവസമായ ഡിസംബര്‍ 15-ന് ഷോര്‍ട്ട്ലിസ്റ്റ് പ്രഖ്യാപിക്കും. മുന്‍പ് മാര്‍വലിന്റെ ബ്ലാക്ക് പാന്തര്‍ മൂന്ന് ഓസ്കര് പുരസ്കാരങ്ങള്‍ നേടിയിരുന്നു.
ഡിസംബര്‍ 14-ന് ലോസ് ഏഞ്ചല്‍സിലാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടക്കുന്നത്. ഡിസംബര്‍ 17-ന് ഇന്ത്യയിലും, ഡിസംബര്‍ 18-ന് യുഎസിലും ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. അംഗീകാരങ്ങളെക്കാള്‍ തിയേറ്ററുകളിലെ പ്രേക്ഷകാനുഭവത്തിനാണ് പ്രാധാന്യമെന്ന് മാര്‍വല്‍ വ്യക്തമാക്കി.