ആഴത്തിൽ വേരോടി നില്കുന്ന വൻമരങ്ങൾ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഒന്നുലയും കുറച്ച് ഇലകൾ പൊഴിയും. ദുർബലമായ ചില ശിഖരങ്ങൾ ഒടിയും. പക്ഷേ അതിന്റെ കരുത്തും കാതലും തകർക്കാൻ കാറ്റിന്റെ കോപങ്ങൾക്ക് കഴിയില്ല. അതാണ് ആ വേരിന്റെ ശക്തി. ഈ മണ്ണിന്റെ അന്തരാളങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് തായ്തടിക്ക് ആരോഗ്യം നല്കുന്ന വേരുകളുടെ ധർമ്മം ഈ ജീവൻ പകരലാണ്. വേരറ്റു പോകാതെ നോക്കാൻ വൻമരങ്ങൾക്ക് പ്രകൃതിയും ചില പാഠങ്ങൾ നല്കിയിട്ടുണ്ട്.
സിനിമയിലെ ചില വൻമരങ്ങൾ കടപുഴകി വീണത് വേരുകൾ ദുർബലമായതുകൊണ്ടുമാത്രമാണ്. ഉദാഹരണങ്ങൾ നിരത്തുന്നില്ല.
പുതിയ പ്രേക്ഷക സമൂഹത്തിന്റെ അഭിരുചിമാറ്റത്തിന്റെ കാറ്റേറ്റ് ഉലഞ്ഞ ചില വൻമരങ്ങളുടെ സമീപകാല ഉദാഹരണങ്ങൾ നോക്കാം. 'പൊന്നിയിൻ സെൽവൻ' ഒന്നും രണ്ടും ഭാഗങ്ങളിലൂടെ പ്രതാപം വീണ്ടെടുത്ത സംവിധായകനാണ് മണിരത്നം. അതിനുമുമ്പ് അല്പം മങ്ങലേറ്റതാണ് ആ പ്രതിഭയുടെ തിളക്കത്തിന്. 'കടലും' 'ചെക്ക ചിവന്ത വാനവും' നല്ല കീർത്തിയല്ല മണിരത്നത്തിന് സമ്മാനിച്ചത്. എന്നാൽ അതിനെയെല്ലാം മറികടന്ന് 'പൊന്നിയിൻ സെൽവൻ' കൊടി പാറിച്ചു.
കമൽഹാസനും അല്പം മങ്ങിനിന്ന ശേഷം വിക്രം എന്ന ചിത്രത്തിലൂടെ തന്റെ താരത്തിളക്കത്തെ വീണ്ടെടുത്തു. 'വിക്രം' നേടിയ വിജയം, മാറിയ സിനിമാ സാഹചര്യങ്ങൾ ഉൾക്കൊള്ളാൻ ആവുമെന്ന ആത്മവിശ്വാസം കമൽഹാസന് നൽകി. അങ്ങനെ നവ ഊർജ്ജം ലഭിച്ച മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നു എന്ന പ്രഖ്യാപനം തന്നെ പ്രേക്ഷകരെ ആവേശഭരിതരാക്കി. ഇരുവരും ഒന്നിച്ച വൻഹിറ്റ് ചിത്രമായ 'നായകൻ' കഴിഞ്ഞ് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്കുശേഷം ആ രണ്ട് അതുല്യ പ്രതിഭകൾ ഒരുമിക്കുന്ന ചിത്രം. പ്രതീക്ഷ ആകാശം മുട്ടി.
പക്ഷേ 'തഗ് ലൈഫ്' കടുത്ത നിരാശയാണ് പ്രേക്ഷകർക്ക് നല്കിയത്. വൻമരങ്ങൾ ഉലഞ്ഞു. സാമ്പത്തികമായി തകർന്ന 'തഗ് ലൈഫ്' മണിരത്നവും കമൽഹാസനും മറക്കാനാഗ്രഹിക്കുന്ന ഒരു അനുഭവമായി മാറി. ഇരുവരും ചേർന്നാണ് തിരക്കഥ ഒരുക്കിയത് എന്നതുകൊണ്ട് അതിന്റെ പരാജയത്തിൽ തുല്യ പങ്ക് അവർക്കുണ്ട്. ഈ കാലഘട്ടത്തിലെ പ്രേക്ഷകന്റെ ബുദ്ധിയെയും യുക്തിയേയും വെല്ലുവിളിക്കുന്ന ചിത്രമായി അത്.
എന്നാൽ സ്വന്തം നിലയ്ക്ക് കഴിവു തെളിയിച്ച് രണ്ടു വൻമരങ്ങളായി വളർന്ന് കാലങ്ങളായി നിലയുറപ്പിച്ച പ്രതിഭകളാണ് അവർ. അതിൽ സംശയമില്ല. സ്വയംനവീകരണ പ്രക്രിയയിൽ അവർ പിന്നിലല്ലെന്ന് അവരുടെ അടുത്തകാലത്തെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ പുതിയ സിനിമാപ്രേക്ഷകന്റെ അഭിരുചി മാറ്റത്തെ മനസ്സിലാക്കുന്നതിൽ അവർ പിന്നോട്ട് പോയി എന്ന് 'തഗ് ലൈഫി'ന്റെ വെളിച്ചത്തിൽ വിലയിരുത്തേണ്ടി വരും.
ആത്മപരിശോധന നടത്തി വീണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രങ്ങളുമായി അവർ വരും. ഒന്നിച്ചോ, ഒറ്റയ്ക്കോ. കാരണം ഇരുവരുടെയും ട്രാക്ക് റെക്കോഡ് അതാണ്. അതുല്യ പ്രതിഭകളാണവർ. ആഴത്തിൽ വേരുകളുള്ള വന്മരങ്ങളാണവർ.
സമാനമായ അല്ലെങ്കിൽ സമാന്തരമായ ഒരു ചരിത്രമാണ് സംവിധായകൻ ശങ്കറിന്റേത്. ശങ്കർ വൻ താരമൂല്യമുള്ള സംവിധായകനാണ്. ഒരുകാലത്ത് പ്രേക്ഷകൻ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ശങ്കറിന്റെ ചിത്രങ്ങൾക്ക്. പ്രഖ്യാപനം വരുമ്പോൾ തന്നെ ആഘോഷമായിരുന്നു ഫാൻസുകാർക്ക്. ഒരു 'സ്റ്റാർ മേക്കർ' കൂടിയായ സംവിധായകനായിരുന്നു ശങ്കർ. അർജുനും വിക്രവും ഉദാഹരണം.
പക്ഷേ 'ഇന്ത്യൻ ടു' വും 'ഗെയിം ചേഞ്ച'റും പ്രേക്ഷകനെ തകർത്തു കളഞ്ഞു. സാമ്പത്തിക പരാജയവും നിലവാരത്തകർച്ചയും ആ ചിത്രങ്ങളെ, ശങ്കറിന്റെ താരമൂല്യത്തെ പാടേ തുടച്ചുനീക്കിയവയായി സിനിമാലോകം വിലയിരുത്തി. ഒരു ഇടവേളയ്ക്കുശേഷമാണ് ശങ്കർ 'ഇന്ത്യൻ ടു' വുമായി വന്നത്. കമൽഹാസന്റെ സാന്നിധ്യം പ്രതീക്ഷ വാനോളമുയർത്തി.
മണിരത്നത്തിന്റെ അതേ ചരിത്രമാണ് ശങ്കറിനുമുള്ളത്. ശങ്കർ-കമൽഹാസൻ ടീമിന്റെ 'ഇന്ത്യൻ' എന്ന സൂപ്പർ മെഗാഹിറ്റിനുശേഷം ഒരു നീണ്ട വേള. അതിന്റെ രണ്ടാം ഭാഗവുമായി ഇരുവരും വന്നപ്പോൾ പ്രേക്ഷകൻ കണ്ണും കാതും കൂർപ്പിച്ച് കാത്തിരുന്നു. പക്ഷേ പ്രേക്ഷകനെ കളിയാക്കുന്ന തരത്തിലായിരുന്നു ആ ചിത്രം രൂപപ്പെട്ടിരുന്നത്. രോഷാകുലരായി പ്രേക്ഷകർ തിയേറ്റർ വിട്ടുപോയി. ഉത്തരവാദി ശങ്കർ മാത്രം. കഥയും കാലവും കാണികളും മാറിയത് ശങ്കർ അറിഞ്ഞില്ലെന്ന് ചിത്രം വിളിച്ചുപറഞ്ഞു. രാംചരൺ നായകനായ 'ഗെയിം ചേഞ്ചറി'ന്റെ കഥയും വ്യത്യസ്തമല്ല. രണ്ടുചിത്രങ്ങളുടെ തുടർച്ചയായ പരാജയം ശങ്കർ എന്ന സംവിധായകനെ ബാധിച്ചിട്ടുണ്ട്. എന്നാൽ ശങ്കറും ഒരു വന്മരമാണ്. ഉലയുകേയുള്ളൂ.
ആഴത്തിൽ വേരുകളും കൂറ്റൻ ട്രാക്ക് റെക്കോഡുമുള്ള വൻമരമാണ് ശങ്കർ. 'ജന്റിൽമാൻ' മുതലുള്ള ചിത്രങ്ങൾ പരിശോധിച്ചാൽ അത് അറിയാം. സമൂഹത്തിലെ അനീതിക്കും രാഷ്ട്രീയത്തിലെ അഴിമതിക്കും എതിരേ മാത്രമല്ല സാധാരണ മനുഷ്യന്റെ പൗരബോധമില്ലായ്മയും ഉത്തരവാദിത്വബോധമില്ലായ്മയും രാഷ്ട്രത്തെ എങ്ങനെ ബാധിക്കും എന്ന സന്ദേശം നൽകുന്ന സോദ്ദേശ്യ ചിത്രങ്ങളും കൂടിയായിരുന്നു ശങ്കറിന്റെ ഭൂരിപക്ഷം സിനിമകളും. ആ വിഷയം പ്രേക്ഷകന് എന്നും ഇഷ്ടവുമാണ്. അതുകൊണ്ട് ശങ്കറിന്റെ തിരിച്ചുവരവ് അസാധ്യമായ കാര്യമൊന്നുമല്ല. അവതരണം പുതിയ പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് മാറ്റണമെന്ന് മാത്രം.
മണിരത്നവും ശങ്കറും മലയാളി പ്രേക്ഷകരുടെയും ഇഷ്ട സംവിധായകരാണ്. അവരുടെ ചിത്രങ്ങളുടെ കേരളത്തിലെ വൻസാമ്പത്തിക വിജയം അത് സാക്ഷ്യപ്പെടുത്തുന്നു.
മലയാളം മാത്രമല്ല തമിഴും തെലുങ്കും കന്നടയും കടന്ന് ഹിന്ദി മേഖലയിലും അവരുടെ ചിത്രങ്ങൾ വിജയക്കൊടി നാട്ടിയിട്ടുണ്ട്. ഇപ്പോഴത്തെ ഭാഷയിൽ 'പാൻ ഇന്ത്യൻ' സംവിധായകരാണ് അവർ. അവരുടെ പുതിയ ചിത്രങ്ങൾ,ആത്മപരിശോധനയ്ക്കുശേഷം അവർ ഒരുക്കുന്ന പുതിയ ചിത്രങ്ങൾ പ്രേക്ഷകർ കാത്തിരിക്കും; വൻമരങ്ങൾ വീണ്ടും തണൽ വീശും.