സത്യജിത് റായിയുടെ തറവാട് വീടിനെ ചുറ്റിപ്പറ്റിയുയർന്ന വിവാദക്കൊടുങ്കാറ്റ് തത്കാലം നിലച്ചു. ബംഗ്ലാദേശിലുള്ള പഴക്കം ചെന്ന വീട് പൊളിച്ചു നീക്കിയെന്നാണ് മാധ്യമ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രതികരിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരും ഇന്ത്യയും ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയും നിരവധി ചലച്ചിത്ര സംഘടനകളും രംഗത്തെത്തി. എന്നാൽ റായിയുടെ തറവാട് വീട് പൊളിച്ചിട്ടേയില്ല എന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചത്. സത്യം എന്താണ്? സത്യജിത് റായിയുടെ മകനും ചലച്ചിത്രകാരനുമായ സന്ദീപ് റായിയെ തന്നെ സമീപിച്ചു. കൊല്‍ക്കത്തയിലുള്ള സുഹൃത്തുക്കള്‍ വഴി അദ്ദേഹത്തിന്റെ ടെലിഫോണ്‍ നമ്പര്‍ കിട്ടിയപ്പോള്‍ വിളിച്ചു.
സന്ദീപ് റായി പറഞ്ഞു: 'തറവാട് വീട് ഉള്ളതായി കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ അവിടെ പോയിട്ടില്ല വീട് കണ്ടിട്ടുമില്ല.'
'താങ്കളുടെ പിതാവ് സത്യജിത് റായി ആ വീട്ടില്‍ പോയിട്ടുണ്ടോ?'
'പിതാവ് അവിടെ പോയിട്ടുള്ളതായി എനിക്കറിയില്ല. അങ്ങനെ ഒരു വീടിനെ കുറിച്ച് അദ്ദേഹം സംസാരിച്ചതായും എനിക്കോര്‍മ്മയില്ല.' സന്ദീപ് റായി പറഞ്ഞു.
സത്യജിത് റായിയുടെ പിതാവ് സുകുമാര്‍ റായ് പ്രശസ്തനായ എഴുത്തുകാരനും കലാകാരനുമായിരുന്നു. സുകുമാര്‍ റായിയുടെ പിതാവാണ് ഉപേന്ദ്രകിഷോര്‍ റായ് ചൗധരി. അദ്ദേഹം ജനിച്ചു വളര്‍ന്നത് ഇന്നത്തെ ബംഗ്ലാദേശിലാണ്. ബ്രിട്ടീഷ് കാലത്ത് അത് ഇന്ത്യയുടെ ഭാഗമായിരുന്നു. ആ വീടിനെച്ചൊല്ലിയാണ് പൊളിക്കൽവിവാദം ഉടലെടുത്തത്.
ബംഗ്ലാദേശിലെ മൈമന്‍സിങ് എന്ന സ്ഥലത്തുള്ള ഒരു വീട് പൊളിച്ചിട്ടുണ്ട്. എന്നാല്‍ അത് സത്യജിത് റായിയുടെ തറവാട് വീടല്ലെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. മാത്രവുമല്ല സത്യജിത് റായ് കുടുംബവുമായി യാതൊരു ബന്ധവും അതിനില്ല.
ശശികാന്ത് ആചാര്യ ചൗധരി എന്നൊരാൾ നിര്‍മിച്ച പഴക്കം ചെന്ന വീടാണ് പൊളിച്ചിരിക്കുന്നത്. ഉപേന്ദ്ര കിഷോര്‍ റായ് നിര്‍മ്മിച്ച കെട്ടിടമല്ല അത്.
എന്നാല്‍ റായിയുടെ കുടുംബത്തിന് ഹരി കിഷോര്‍ റായ് റോഡില്‍ ഒരു കെട്ടിടം ഉണ്ടായിരുന്നു. അത് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ മറ്റൊരാള്‍ക്ക് വിറ്റിരുന്നു. അയാൾ അവിടെ ഒരു ബഹുനില കെട്ടിടം പണിതു.
എന്നാല്‍ മൈമെന്‍സിങ് ഭാഗത്ത് പഴക്കം ചെന്ന ഒരു കെട്ടിടം പൊളിച്ചപ്പോള്‍ അത് സത്യജിത് റായിയുടെ തറവാട് വീടാണെന്ന പ്രചാരണം ഉയര്‍ന്നു. അതോടെ വിവാദമാകുകയും ചെയ്തു. റായ് കുടുംബവുമായി ആ കെട്ടിടത്തിന് യാതൊരു ബന്ധവുമില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പറഞ്ഞു. 2014 മുതല്‍ ഉപേക്ഷിക്കപ്പെട്ട് കിടന്ന ഒരു കെട്ടിടമാണ് ഇപ്പോള്‍ പൊളിച്ചു നീക്കിയത്.
ബംഗ്ലാദേശ് സര്‍ക്കാര്‍ ഇക്കാര്യം അന്വേഷിക്കാന്‍ ഒരു ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അതില്‍ റവന്യൂ-പുരാവസ്ഥവകുപ്പ് ഉദ്യോഗസ്ഥരും മറ്റ് വിദഗ്ദ്ധരും ഉണ്ടായിരുന്നു. പൊളിക്കപ്പെട്ട കെട്ടിടത്തിന്റെ ഉടമ ഒരു പ്രാദേശിക ഭൂ ഉടമയായിരുന്നെന്നും റായ് കുടുംബവുമായി കെട്ടിടത്തിന് ബന്ധമില്ലെന്നും വിദഗ്ദ്ധരെ ഉദ്ധരിച്ച് സര്‍ക്കാര്‍ അറിയിച്ചു.
1863-ല്‍ മോഷുവ എന്ന ഗ്രാമത്തിലാണ് ഉപേന്ദ്രകിഷോര്‍ റായി ജനിച്ചത്. ഈ വീടിനു കേടുപാടുണ്ടായിരുന്നു. എന്നാല്‍ അതിൽ പിന്നീട് അറ്റകുറ്റപ്പണികൾ നടത്തി. ഈ വീട്ടില്‍ താന്‍ രണ്ട് പ്രാവശ്യം പോയിട്ടുണ്ടെന്നാണ് സത്യജിത് റായ് ചിത്രസംരക്ഷണ സമിതി പ്രസിഡന്റ് പ്രസാദ് രഞ്ചന്‍ റായ് പറയുന്നത്. അതിനാല്‍ മോഷുവ ഗ്രാമത്തിലെ വീടാണ് തറവാട്ട് വീടെന്ന് അദ്ദേഹം പറയുന്നു. ഏതായാലും ആ വീട് ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചുരുക്കിപ്പറഞ്ഞാൽ സത്യജിത് റായിയുടെ തറവാട് വീടിനെ കുറിച്ച് യാതൊരു വ്യക്തതയും ഇല്ലാത്ത സ്ഥിതിയാണ്. അതെക്കുറിച്ച് വിവാദം ഉണ്ടായെന്ന് മാത്രം.
മോഷുവ ഗ്രാമത്തില്‍ തറവാട് വീടുള്ളതായി താങ്കള്‍ക്ക് അറിയാമോ എന്ന് സന്ദീപ് റായിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അതെകുറിച്ച് നേരിട്ട് യാതൊരു അറിവും ഇല്ല. ഇനി തറവാട് വീട് കണ്ടെത്തുകയാണെങ്കില്‍ അത് സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാണ്.'
സത്യജിത് റായിയുടെ തറവാട് വീട് പൊളിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ദു:ഖം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെയാണ് വാര്‍ത്ത നിഷേധിച്ചുകൊണ്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇനി തറവാട്ട് വീട് എവിടെയെങ്കിലും ഉണ്ടോ എന്ന് ആരെങ്കിലും അന്വേഷിക്കാന്‍ തയ്യാറെടുക്കുന്നുണ്ടോ? അതേക്കുറിച്ച് യാതൊന്നും ആർക്കും അറിയില്ല.