വിവേക് ഒബ്റോയ് ഫോട്ടോ കടപ്പാട്-ഐഎംഡിബി
Bollywood

യുഎസ്-ഇറാന്‍ സംഘര്‍ഷം: പരിഭ്രാന്തി പരത്തരുതെന്ന് വിവേക് ഒബ്‌റോയി

പപ്പപ്പ റിപ്പോര്‍ട്ടര്‍

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം മിഡില്‍ ഈസ്റ്റില്‍ വലിയ ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍, യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ്. ഏറെ നാളായി ദുബായില്‍ താമസിക്കുന്ന താരം, അവിടെയുള്ളവര്‍ക്കായി എക്‌സില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ചു.

വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണെങ്കിലും യുഎഇ എന്ന രാജ്യം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് സമാധാനത്തിന്റെയും അതിജീവനത്തിന്റെയും ഐക്യത്തിന്റെയും അടിത്തറയിലാണെന്ന് വിവേക് പറഞ്ഞു. '200ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കിലും നമ്മളെല്ലാം ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണ്. ഭയപ്പെടേണ്ട സാഹചര്യമില്ല. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി വീടിനുള്ളില്‍ കഴിയുക' - വിവേക് കുറിച്ചു.

വിവേക് ഒബ്റോയ്

രാജ്യത്തെ ഓരോ താമസക്കാരന്റെയും സുരക്ഷ ഉറപ്പാക്കുന്ന യുഎഇ സര്‍ക്കാരിനെയും സായുധ സേനയെയും താരം അഭിനന്ദിച്ചു. കൃത്യസമയത്ത് ലഭിക്കുന്ന ഔദ്യോഗിക അറിയിപ്പുകളാണ് നമ്മുടെ ഏറ്റവും വലിയ ആയുധമെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഉരുക്കുപോലെ ശക്തമാണെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

യുഎഇയിലുള്ളവര്‍ക്കായി പ്രാര്‍ഥിക്കണമെന്നും എന്നാല്‍ പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വിവേവ് അഭ്യര്‍ഥിച്ചു. ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും സഹാനുഭൂതിയോടെ പെരുമാറണമെന്നും സത്യമാണ് നമ്മുടെ ഏറ്റവും വലിയ കവചമെന്നും താരം പറഞ്ഞു.

വിവേക് ഒബ്റോയ് കോണ്ടന്റ് ക്രിയേറ്റർ കാമിയ ജാനിക്കൊപ്പം ദുബായിയിലെ വസതിക്ക് മുന്നിൽ

വിവേകിനെ കൂടാതെ തമിഴകത്തിന്റെ സൂപ്പര്‍താരം അജിത്കുമാര്‍, ടോളിവുഡ് താരം വിഷ്ണു മഞ്ചു, ബോളിവുഡ് നടി സൊണല്‍ ചൗഹാന്‍, ഇഷ ഗുപ്ത തുടങ്ങിയ പ്രമുഖ താരങ്ങളും യുഎഇയില്‍ കുടുങ്ങിയെന്നത് ആരാധകര്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. അതേസമയം, തങ്ങള്‍ സുരക്ഷിതരാണെന്ന് താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.

ദുബായിലെ 'ദ മെഡോസ്' ഏരിയയില്‍ സ്ഥിരതാമസമാക്കിയ വിവേക് ഒബ്റോയ്, പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'സ്പിരിറ്റില്‍' പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തൃപ്തി ദിമ്രി, ഐശ്വര്യ ദേശായ് എന്നിവര്‍ അണിനിരക്കുന്ന ചിത്രം 2027 മാര്‍ച്ച് 5-ന് എട്ട് ഭാഷകളിലായി റിലീസ് ചെയ്യും. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകന്‍.