

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്കിടെ ബോളിവുഡ് നടി സൊണല്‍ ചൗഹാന്‍ ദുബായില്‍ കുടുങ്ങി. ഇസ്രയേലും അമേരിക്കയും ഇറാനിലെ സൈനികകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് ഇറാന്‍ തിരിച്ചടിക്കുകയും ഗള്‍ഫ് മേഖലയിലെ വിവിധ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.
ഗള്‍ഫില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതാണു താരത്തിന് തിരിച്ചടിയായത്. 'ജന്നത്ത്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് സൊണാല്‍ ചൗഹാന്‍. ഇന്ത്യയിലേക്ക് മടങ്ങാന്‍ തന്നെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് താരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോഷ്യല്‍ മീഡിയയിലൂടെ സന്ദേശമയച്ചു. തിരിച്ചു വരാന്‍ മറ്റ് വഴികളൊന്നുമില്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഭ്യര്‍ഥിച്ചത്.
സോണലിന്റെ വാക്കുകള്‍:
'ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, നിലവിലെ പ്രതിസന്ധികള്‍ക്കിടയില്‍ ഞാന്‍ ദുബായില്‍ കുടുങ്ങിയിരിക്കുകയാണ്. വിമാനങ്ങളെല്ലാം റദ്ദാക്കി, ഇന്ത്യയിലേക്കു മടങ്ങാന്‍ മാര്‍ഗങ്ങളൊന്നുമില്ല. സുരക്ഷിതമായി നാട്ടിലെത്താന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശവും സഹായവും ഞാന്‍ അഭ്യര്‍ഥിക്കുന്നു.'
വ്യോമപാതകള്‍ താത്കാലികമായി അടച്ചതിനെത്തുടര്‍ന്ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നൂറുകണക്കിനു യാത്രക്കാരാണു കുടുങ്ങിക്കിടക്കുന്നത്. സൊണല്‍ ചൗഹാനെ കൂടാതെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവും ദുബായ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാര്‍ തിരക്കു കൂട്ടുന്നതിന്റെയും ആശങ്കാകുലരാകുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലെ ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി അറിയിച്ചു. സാഹചര്യം ശാന്തമാകുന്ന മുറയ്ക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് വിമാനക്കമ്പനികളുടെ നീക്കം.