പ്രിയങ്ക ചോപ്ര, 'വെന്റിലേറ്റര്‍ 2' അനൗൺസ്മെന്റ് പോസ്റ്റർ അറേഞ്ച്ഡ്
Bollywood

'വെന്റിലേറ്റര്‍ 2' വരുന്നു; ഔദ്യോ​ഗിക പ്രഖ്യാപനവുമായി പ്രിയങ്ക ചോപ്ര

പപ്പപ്പ ഡസ്‌ക്‌

പ്രിയങ്ക ചോപ്രയുടെ നിര്‍മാണ കമ്പനിയായ പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച് 2016-ല്‍ പുറത്തിറങ്ങിയ ഏറെ ശ്രദ്ധിക്കപ്പെട്ട മറാഠി ചിത്രം 'വെന്റിലേറ്ററി'ന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രിയങ്ക ചോപ്ര സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ആദ്യഭാഗം സംവിധാനം ചെയ്ത രാജേഷ് മപുസ്‌കര്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'വെന്റിലേറ്റര്‍ 2' സംവിധാനം ചെയ്യുന്നത്. 2027-ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

തന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ പത്താം വാര്‍ഷികവേളയിലാണ് പ്രിയങ്ക ചോപ്ര ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. നല്ല കഥകള്‍ പറയുക എന്ന ലക്ഷ്യത്തോടെയാണ് പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സ് ആരംഭിച്ചതെന്നും, തങ്ങളുടെ കമ്പനിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വെന്റിലേറ്റര്‍ എന്നും അവര്‍ വ്യക്തമാക്കി. ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിനുശേഷം ഒരു ദശാബ്ദത്തിനുശേഷമാണ് സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നത്.

'വെന്റിലേറ്റര്‍' ആദ്യഭാ​ഗത്തിന്റെ പോസ്റ്റർ

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചും കഥയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണു പ്രതീക്ഷിക്കുന്നത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ മൂന്നു ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു 'വെന്റിലേറ്റര്‍'.

'വെന്റിലേറ്റര്‍' ആദ്യഭാ​ഗത്തിന്റെ പോസ്റ്റർ

കുടുംബത്തിലെ മുതിര്‍ന്ന അംഗം ആശുപത്രിയിലെ വെന്റിലേറ്ററിലായതിനെത്തുടർന്ന് വിനായകചതുര്‍ഥി വേളയില്‍ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ഒത്തുകൂടുന്നതും അവരുടെ ഇടയിലെ പഴയ അഭിപ്രായവ്യത്യാസങ്ങളും നര്‍മവും വൈകാരിക മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയായിരുന്നു ചിത്രം ഒരുക്കിയത്. അശുതോഷ് ഗൊവാരിക്കര്‍, ജിതേന്ദ്ര ജോഷി, സുലഭ ആര്യ തുടങ്ങി വലിയൊരു താരനിരതന്നെ ആദ്യഭാഗത്തില്‍ അണിനിരന്നിരുന്നു. പ്രിയങ്ക ചോപ്ര ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു.