ടൈ​ഗർ ഷ്രോഫും സൽമാൻ ഖാനും ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Bollywood

സൽമാനുമായുള്ള അടുപ്പം; ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ടത് മുന്നറിയിപ്പ് അവഗണിച്ചതിന്?

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ മുംബൈയിലുണ്ടായ വെടിവയ്പ് രാജ്യത്തുടനീളം ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ലോറൻസ് ബിഷ്‌ണോയ് സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ടതോടെ സിനിമാ മേഖലയിലെ പ്രമുഖർക്കിടയിലും ആശങ്ക വർധിച്ചിരിക്കുകയാണ്.

ആക്രമണത്തിൽ നിന്ന് ടൈഗർ ഷ്രോഫ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് അക്രമികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. എന്നാൽ താരത്തിന്റെ ഡ്രൈവർക്കും ഓട്ടോറിക്ഷാ യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് നിരവധി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ആക്രമണം നടന്ന് മണിക്കൂറുകൾക്കുശേഷം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിലാണ് ബിഷ്‌ണോയ് സംഘത്തിലെ രണ്ടുപേർ ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ടത്. സൽമാൻ ഖാനുമായി സഹകരിക്കരുതെന്ന തങ്ങളുടെ മുന്നറിയിപ്പ് ടൈഗർ ഷ്രോഫ് ഗൗരവമായി എടുത്തില്ലെന്നും അതിനാലാണ് താരത്തെ ലക്ഷ്യമിട്ടതെന്നുമാണ് പോസ്റ്റിലെ അവകാശവാദം. സൽമാൻ ഖാനുമായി ബന്ധം പുലർത്തുന്നവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

'സിക്കന്ദർ' സെറ്റിൽ സൽമാൻ ഖാനൊപ്പം ടൈഗർ ഷ്രോഫ്

പണം തട്ടിയെടുക്കുന്നതിനും പണം ആവശ്യപ്പെടുന്നതിനുമായി ബോളിവുഡിലെ മറ്റു പ്രമുഖരെയും ഈ സംഘം ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സൽമാൻ ഖാനുമായുള്ള ടൈഗർ ഷ്രോഫിന്റെ അടുപ്പമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇപ്പോൾ സംഘം അവകാശപ്പെടുന്നത്. പുതിയ സംഭവത്തോടെ സിനിമാ മേഖലയിലെ പ്രമുഖരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമായിരിക്കുകയാണ്.

ടൈഗർ ഷ്രോഫ്

അതേസമയം, നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്‌ണോയ് വർഷങ്ങളായി ജയിലിൽ കഴിയുകയാണെങ്കിലും സംഘം ഇന്ത്യയിലും വിദേശത്തും പ്രവർത്തനം തുടരുന്നതായാണ് റിപ്പോർട്ടുകൾ. ജയിലിൽ കഴിയുന്ന നേതാവിന്റെ പേരിൽ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഭീഷണികൾ മുഴക്കുകയും ചെയ്യുന്നതെങ്ങനെയെന്നതും ശ്രദ്ധേയമാണ്.