ആമിർ ഖാൻ,സൽമാൻ ഖാൻ,ഷാരൂഖ് ഖാൻ എന്നിവർ ഒരുമിച്ച് വേദിയിൽ അറേഞ്ച്ഡ്
Bollywood

'ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്നൊരു സിനിമ.. അത് ചിലപ്പോൾ സംഭവിച്ചേക്കാം..'

പപ്പപ്പ ഡസ്‌ക്‌

ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍- ബോളിവുഡിലെ 'ഖാന്‍ത്രയ'ങ്ങള്‍. അവര്‍ ഒരുമിച്ചുള്ള ഒരു ചിത്രം ഭാവിയില്‍ ഉണ്ടാകുമോ എന്നറിയില്ല. എന്നാല്‍, റിയാദില്‍ നടന്ന പരിപാടിയില്‍ ഖാന്‍മാര്‍ ഒന്നിച്ചത് ലോകമെമ്പാടുമുള്ള ആരാധകര്‍ ആഘോഷമാക്കി. ആ അപൂര്‍വസംഗമം, മൂന്നു പതിറ്റാണ്ടിലേറെയായി ഹിന്ദി സിനിയുടെ അവിഭാജ്യഘടകമായ നടന്മാര്‍ താരപദവി, സൗഹൃദം തുടങ്ങിയവയെക്കുറിച്ച് സംസാരിച്ചു.

കഴിഞ്ഞദിവസം സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ജോയ് ഫോറം 2025ലെ ഒരു സെഷനിലാണ് ഖാന്‍ത്രയങ്ങള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. നര്‍മഭാഷണങ്ങള്‍ക്കു പേരുകേട്ട സല്‍മാന്‍, തങ്ങള്‍ക്കിടയില്‍ താരപദവി ഇല്ലെന്നും തങ്ങള്‍ മൂന്നു പേരും ഒരിക്കലും തങ്ങളെ താരങ്ങളായി കണക്കാക്കിയിട്ടില്ലെന്നും പറഞ്ഞു.

'ഞങ്ങള്‍ സ്വയം താരങ്ങള്‍ എന്ന് വിളിക്കാറില്ല. ചില പത്രപ്രവര്‍ത്തകര്‍ 'സല്‍മാന്‍ ഖാന്‍ സ്റ്റാര്‍' അല്ലെങ്കില്‍ 'ആമിര്‍ ഖാന്‍ സൂപ്പര്‍ ഡ്യൂപ്പര്‍ സ്റ്റാര്‍', ഷാരൂഖ് ഖാന്‍ കിങ് ഖാന്‍ എന്നെല്ലാം എഴുതിയേക്കാം. പക്ഷേ ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നില്ല. വീട്ടില്‍, ഞങ്ങള്‍ മറ്റുള്ളവരെപ്പോലെയാണ്. എന്റെ അച്ഛനും അമ്മയും ഇപ്പോഴും എന്നെ ശകാരിക്കാറുണ്ട്...' 59കാരനായ സല്‍മാന്‍ ഖാന്‍ പറഞ്ഞു.

ആരാധകരുമായുള്ള വൈകാരിക ബന്ധമാണ് 'താരപദവി' എന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. 'ആമിര്‍ പൂര്‍ണതയ്ക്കായി വളരെയധികം ശ്രമിക്കുന്ന നടനാണ്. സിനിമയ്ക്കായി അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്യുന്നു. സല്‍മാന് സ്വതന്ത്രമായി ഇടപെടാനും പ്രവര്‍ത്തിക്കാനും കഴിയും. കാരണം അതെല്ലാം ഹൃദയത്തില്‍നിന്നാണ് വരുന്നത്. ഇവ രണ്ടും സംയോജിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഒരുപക്ഷേ അത് നമ്മുടെ സംസ്‌കാരമായിരിക്കാം അല്ലെങ്കില്‍ നമ്മള്‍ ഇന്ത്യക്കാരായതുകൊണ്ടാകാം. കഥ എന്തുതന്നെയായാലും, കുടുംബബന്ധത്തിന്റെ അടിസ്ഥാനമുണ്ട്. ഞാന്‍ നല്ലവനായോ, ദുഷ്ടനായോ,ദരിദ്രനായോ, ധനികനായോ...ഏതു കഥാപാത്രത്തെ അവതരിപ്പിച്ചാലും അതിന്റെ സാംസ്‌കാരികതയും വൈകാരികബന്ധവും ഭാഷയുടെ അതിരുകള്‍ മറികടക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു.'-നവംബര്‍ രണ്ടിന് 60 വയസ് തികയുന്ന ഷാരൂഖ് പറഞ്ഞു.

സൽമാൻ ഖാൻ,ഷാരൂഖ് ഖാൻ,ആമിർ ഖാൻ എന്നിവർ റിയാദിലെ ജോയ് ഫോറം 2025ലെ സെഷനിൽ

'കഴിഞ്ഞ 35 വര്‍ഷമായി എന്റെ ആരാധകര്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ എന്നും നന്ദിയുള്ളവനാണ്. ഒരുപക്ഷേ, ഞങ്ങള്‍ മൂന്നുപേരും ഇന്ത്യയില്‍ ജനിച്ചത് ഭാഗ്യമായിരിക്കാം. ഞങ്ങള്‍ക്ക് ഹിന്ദി സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു. മറ്റെവിടെയെങ്കിലും ജനിച്ചിരുന്നെങ്കില്‍, ഞങ്ങള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല...' ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

'തീര്‍ച്ചയായും, ഞങ്ങളെല്ലാവരും കഠിനാധ്വാനം ചെയ്യുന്നു. സിനിമ ജീവിതത്തിന്റെ ഭാഗമാണ്...'-ആമിര്‍ ഖാന്‍ പറഞ്ഞു. സെഷനിലെ ഏറ്റവും വൈറലായ നിമിഷങ്ങളിലൊന്നില്‍, താനും ആമിറും സിനിമാ കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് സല്‍മാന്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഷാരൂഖ് അങ്ങനെയല്ല. അദ്ദേഹം ഡല്‍ഹിയില്‍നിന്നാണ് വന്നതെന്നു സല്‍മാന്‍ പറഞ്ഞു.

ആമിർ ഖാൻ,ഷാരൂഖ് ഖാൻ,സൽമാൻ ഖാൻ

'സല്‍മാന്‍, ക്ഷമിക്കണം, ഞാനും സിനിമാ കുടുംബത്തില്‍ നിന്നാണ് വരുന്നത്. സല്‍മാന്റെ കുടുംബം എന്റെ കുടുംബമാണ്. ആമിറിന്റെ കുടുംബം എന്റെ കുടുംബമാണ്...' എന്ന് ഷാരൂഖ് മറുപടി നല്‍കിയപ്പോള്‍, 'ഷാരൂഖ് താരമായത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസിലായി' എന്ന് ആമിര്‍ പറഞ്ഞത് സദസ് കരഘോഷത്തോടെ ഏറ്റെടുത്തു. 'ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്നൊരു സിനിമ, ഞങ്ങളോരോരുത്തരും ആഗ്രഹിക്കുന്നുണ്ടെന്ന് ആമിര്‍ പറഞ്ഞു. ശരിയായ സ്‌ക്രിപ്റ്റ് കണ്ടെത്തുക എന്നതാണ് പ്രധാനം. ചിലപ്പോള്‍ സംഭവിച്ചേക്കാം...' ആമിര്‍ പറഞ്ഞു.