സിദ്ധാര്‍ഥ് മല്‍ഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷങ്ങളില്‍ എത്തിയ 'ദ് വാന്‍: ഫോഴ്സ് ഓഫ് ദി ഫോറസ്റ്റ്' ബോക്സ് ഓഫീസില്‍ മികച്ച തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം എട്ട് കോടി രൂപ നെറ്റ് കളക്ഷന്‍ നേടിയതായി ബോക്സ് ഓഫീസ് ട്രാക്കിങ് പ്ലാറ്റ്ഫോമായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തുടനീളം 6,746 ഷോകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് റിലീസ് ദിനത്തില്‍ 28.25 ശതമാനം തിയേറ്റര്‍ ഒക്യുപന്‍സിയാണ് രേഖപ്പെടുത്തിയത്. രാവിലത്തെ ഷോകളില്‍ 12.23 ശതമാനമായിരുന്ന കാണികളുടെ എണ്ണം രാത്രിയിലെ ഷോകളിലേക്ക് എത്തിയപ്പോഴേക്കും 41.46 ശതമാനമായി വര്‍ധിച്ചു.
വിദേശ വിപണിയില്‍നിന്ന് ഒരു കോടി രൂപ കൂടി നേടിയതോടെ ചിത്രത്തിന്റെ ആദ്യദിന ആഗോള ഗ്രാസ് കളക്ഷന്‍ ഒമ്പത് കോടി രൂപ കടന്നു. മുംബൈ, ബംഗളൂരു, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം മികച്ച ഒക്യുപന്‍സിയാണു ചിത്രത്തിനു ലഭിച്ചത്.
വനപ്രദേശങ്ങളില്‍ ചിത്രീകരിച്ച ത്രില്ലര്‍ നിര്‍മിച്ചിരിക്കുന്നത് ബാലാജി മോഷന്‍ പിക്ചേഴ്സും ദ് വൈറല്‍ ഫീവറും ചേര്‍ന്നാണ്.