സുനിൽ ഷെട്ടി മകൻ അഹാൻ ഷെട്ടിക്കും മരുമകൻ കെ.എൽ.രാ​ഹുലിനുമൊപ്പം  ഫോട്ടോ-ഇൻസ്റ്റ​ഗ്രാം
Bollywood

മകനുവേണ്ടി ശപഥമെടുത്ത,മരുമകൻ ക്രിക്കറ്റ് കളിക്കുന്നത് കാണാത്ത സുനിൽഷെട്ടി

പപ്പപ്പ ഡസ്‌ക്‌

ബി ടൗണ്‍ സൂപ്പര്‍താരം സുനില്‍ ഷെട്ടിയുടെ വ്യത്യസ്തമായ ശപഥത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ കൗതുകമാകുന്നത്. മകന്‍ അഹാന്‍ ഷെട്ടി അഭിനയിച്ച ബോര്‍ഡര്‍ 2- ബോക്‌സ്ഓഫീസില്‍ ജൈത്രയാത്ര തുടരുമ്പോള്‍ സുനില്‍ ഷെട്ടി ചിത്രം കണ്ടിട്ടല്ലത്രെ! 'ബോര്‍ഡര്‍ 2' ബോക്സ് ഓഫീസില്‍ 500 കോടി രൂപ നേടുന്നതുവരെ താന്‍ സിനിമ കാണില്ലെന്നാണ് സുനില്‍ ഷെട്ടിയുടെ പ്രഖ്യാപനം. ഒരു മാസം മുന്‍പ് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുമ്പോഴും തന്റെ വാക്കില്‍ വിട്ടുവീഴ്ചയില്ലാതെ നില്‍ക്കുകയാണ് താരം.

ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുനില്‍ ഷെട്ടി ഇക്കാര്യം പറഞ്ഞത്. 'ഇതു രാജ്യസ്നേഹം ഇതിവൃത്തമായ ചിത്രമാണ്. ചിത്രം 500 കോടി കടക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു അച്ഛന്റെ സ്‌നേഹത്തിന് ദൈവം ഫലം നല്‍കുമെന്നും ചിത്രം ആ നാഴികക്കല്ല് പിന്നിടുമെന്നും ഞാന്‍ വിശ്വസിക്കുന്നു'- സുനില്‍ ഷെട്ടി പറഞ്ഞു.

സുനിൽ ഷെട്ടിയും മകൻ അഹാൻ ഷെട്ടിയും 'ബോർഡർ2' സെറ്റിൽ

നിലവില്‍ ആഗോള ബോക്സ് ഓഫീസില്‍ 447 കോടിയിലേറെ ചിത്രം സ്വന്തമാക്കി. തന്റെ ലക്ഷ്യത്തിലേക്ക് എത്താന്‍ ഇനി അല്പം ദൂരം കൂടി ബാക്കിയുണ്ടെങ്കിലും, സിനിമ കാണാനുള്ള ആകാംക്ഷ അടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ് ബോളിവുഡ് താരം. മകന്റെ കാര്യത്തില്‍ മാത്രമല്ല, മരുമകനും പ്രശസ്ത ക്രിക്കറ്റ് താരവുമായ കെ.എല്‍. രാഹുലിന്റെ കാര്യത്തിലും സുനില്‍ ഷെട്ടിക്ക് ഇതേ പേടിയുണ്ട്. വലിയൊരു ക്രിക്കറ്റ് ആരാധകനായിട്ടും രാഹുല്‍ ക്രീസിലുള്ളപ്പോള്‍ സുനില്‍ ഷെട്ടി കളി കാണാറില്ല. കടുത്ത ഉത്കണ്ഠയാണ് അതിന്റെ കാരണമെന്നും അദ്ദേഹം പറയുന്നു. സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയെയാണ് കെ.എൽ.രാഹുൽ വിവാഹം ചെയ്തിരിക്കുന്നത്.

സുനിൽ ഷെട്ടി കുടുംബത്തോടൊപ്പം

മത്സരങ്ങള്‍ തത്സമയം കാണാനോ കമന്ററി കേള്‍ക്കാനോ അദ്ദേഹം തയാറാകാറില്ല. തൊട്ടടുത്ത മുറിയിലിരുന്ന് കളി കാണുന്ന ഭാര്യയുടെ പ്രതികരണങ്ങളില്‍ നിന്നാണ് മൈതാനത്ത് എന്ത് സംഭവിക്കുന്നു എന്ന് അദ്ദേഹം മനസിലാക്കുന്നത്. കളി കഴിഞ്ഞ് എല്ലാം ശാന്തമായ ശേഷം ഹൈലൈറ്റ്‌സ് കാണാനാണ് തനിക്കിഷ്ടമെന്നും താരം പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകളും വിമര്‍ശനങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും താരം പറയുന്നു.