

സണ്ണി ഡിയോൾ നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം 'ബോർഡർ 2' തിയറ്ററുകളിൽ വൻ കുതിപ്പ് തുടരുന്നു. 1997-ലെ ക്ലാസിക് ചിത്രം 'ബോർഡറി'ന്റെ രണ്ടാം ഭാഗമായി എത്തിയ സിനിമയ്ക്ക് പ്രേക്ഷകരിൽനിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്. റിലീസ് ദിനമായ വെള്ളിയാഴ്ച മാത്രം ഇന്ത്യയിൽനിന്ന് 30 കോടി രൂപ ചിത്രം സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ.
രൺവീർ സിങ് ചിത്രം 'ധുരന്ധർ' നേടിയ 27 കോടിയുടെ ഓപ്പണിങ് കളക്ഷനെ അനുരാഗ് സിങ് സംവിധാനം ചെയ്ത മറികടക്കാൻ ബോർഡർ 2-ന് സാധിച്ചു. എങ്കിലും സണ്ണി ഡിയോളിന്റെ തന്നെ 'ഗദ്ദർ 2' നേടിയ റെക്കോർഡിനു(40 കോടി) പിന്നിലാണ് ബോർഡർ 2. രാത്രി പ്രദർശനങ്ങളിൽ 48 ശതമാനത്തിലധികം ഒക്യുപൻസി രേഖപ്പെടുത്തിയ ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്കാണ് നീങ്ങുന്നത്.
സണ്ണി ഡിയോളിനൊപ്പം വരുൺ ധവാൻ, ദിൽജിത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 1961ലെ പശ്ചാത്തലത്തിൽ സൈനികരുടെ സൗഹൃദവും പരിശീലനവും പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സേനയ്ക്കു നൽകുന്ന വലിയൊരു ആദരവായാണ് സിനിമ വിലയിരുത്തപ്പെടുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും ഹൃദയസ്പർശിയായ വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിന് കരുത്തേകുന്നു. രണ്ടാം പകുതിയിലെ യുദ്ധരംഗങ്ങൾ പ്രേക്ഷകർക്ക് ആവേശകരമായ അനുഭവമാണ് നൽകുന്നതെന്ന് തിയറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.