എസ്.എസ്.രാജമൗലി,നമിത് മല്‍ഹോത്ര ഫോട്ടോ-അറേഞ്ച്ഡ്
Bollywood

രാജമൗലിയുമായി ചേർന്ന് 'മഹാഭാരത'? വ്യക്തമായ ഉത്തരം നല്കാതെ 'രാമായണ' നിർമാതാവ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇതിഹാസ സംവിധായകന്‍ എസ്.എസ്. രാജമൗലിയുമായി ചേര്‍ന്ന് മഹാഭാരതം സിനിമയാക്കുന്നുണ്ടോ എന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി 'രാമായണ' നിര്‍മാതാവ് നമിത് മല്‍ഹോത്ര. 'രാമായണ'യുടെ ലോസ് ഏഞ്ചല്‍സ് പ്രീമിയറിനിടയിലാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചത്.

രാജമൗലിയെ ലെജന്‍ഡറി സംവിധായകനെന്ന് വിശേഷിപ്പിച്ച നമിത് മല്‍ഹോത്ര വാര്‍ത്ത പൂര്‍ണമായി സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല. ഇന്ത്യന്‍ സിനിമ ലോകമെമ്പാടും വിജയംനേടേണ്ട സമയമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'യില്‍ രണ്‍ബീര്‍ കപുര്‍, സായ് പല്ലവി, യഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രം നവംബര്‍ അഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ രണ്ടാം ഭാഗം 2027 ദീപാവലിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ'രാമായണ'യുടെ അണിയറപ്രവര്‍ത്തകര്‍ രാജ്യത്തെ വിദ്യാര്‍ഥികളുമായി സംവദിക്കാനൊരുങ്ങുകയാണ്. യുവതലമുറയിലേക്ക് ഇതിഹാസ കാവ്യത്തിന്റെ ആശയങ്ങളും മൂല്യങ്ങളും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

'രാമായണ'യിൽ രൺബീർ കപുറിന്റെ ക്യാരക്ടർ പോസ്റ്റർ

'എ കോണ്‍വെര്‍സേഷന്‍ വിത്ത് യങ് ലീഡേഴ്‌സ്' എന്ന് പേരിട്ടിരിക്കുന്ന സംവാദ പരിപാടിയില്‍ രാജ്യത്തുടനീളമുള്ള ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. പരിപാടി നവംബര്‍ ഒന്നിന് ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. തിയേറ്റര്‍ റിലീസിനുശേഷം ചിത്രം ജിയോഹോട്ട്സ്റ്റാറിലൂടെ ഓണ്‍-ഡിമാന്‍ഡ് പ്ലാറ്റ്ഫോമിലും ലഭ്യമാകും.

'രാമായണ'യിലെ ​ഗാനരം​ഗത്തിൽ രൺബീർ കപുറും സായ് പല്ലവിയും

രാമകഥ തലമുറകളായി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. പുതിയ തലമുറ ഇതിഹാസത്തെ എങ്ങനെ കാണുന്നുവെന്നത് മനസിലാക്കണമെന്ന് ശ്രീരാമനായി വേഷമിടുന്ന രണ്‍ബീര്‍ കപുര്‍ പറഞ്ഞു. രാമായണം പുതിയ തലമുറയ്ക്ക് മുന്നില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംവിധായകന്‍ നിതേഷ് തിവാരി വ്യക്തമാക്കി.