'ഷോലെ' പോസ്റ്റർ അറേഞ്ച്ഡ്
Bollywood

'ഷോലെ' വീണ്ടും തിയേറ്ററുകളിലേക്ക്; കാണാം യഥാർഥ ക്ലൈമാക്സ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യന്‍ വെള്ളിത്തിരയില്‍ ഇതിഹാസമായി മാറിയ ധര്‍മേന്ദ്ര- അമിതാഭ് ബച്ചന്‍-ജയ-ഹേമമാലിനി കോംബോയുടെ 'ഷോലെ' വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. 1975ല്‍ പുറത്തിറങ്ങിയ 'ഷോലെ' ഇന്ത്യന്‍ ചലച്ചിത്രവ്യവസായത്തിലെ മികച്ച സിനിമകളിലൊന്നാണ്. ഡിസംബര്‍ 12ന് ചിത്രം ലോകമെമ്പാടുമുള്ള 1500ലേറെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 4കെ പതിപ്പാണ് റിലീസ് ചെയ്യുക.

ചിത്രത്തിന്റെ അരനൂറ്റാണ്ട് ഓഗസ്റ്റ് 15ന് ആഘോഷപൂര്‍വം കൊണ്ടാടിയിരുന്നു. ഷോലെയിലെ കേന്ദ്രകഥാപാത്രമായ സൂപ്പര്‍താരം ധര്‍മേന്ദ്രയുടെ മരണത്തിന് ദിവസങ്ങള്‍ക്കുശേഷമാണ് 'ഷോലെ' റീ റിലീസ് ചെയ്യുന്നത്. ധര്‍മേന്ദ്രയുടെയും അമിതാഭ് ബച്ചന്റെയും ആരാധകര്‍ വന്‍ ആഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

'ഷോലെ- ദി ഫൈനല്‍ കട്ട്' എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. റെക്കോഡ് ടിക്കറ്റ് വില്‍പ്പനയാണ് നടക്കുന്നത്. പ്രത്യേക പതിപ്പില്‍ ചിത്രത്തിന്റെ യഥാര്‍ഥ ക്ലൈമാക്‌സും മുമ്പ് കാണാത്ത രണ്ട് സീനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്ന, കാണാന്‍ ആഗ്രഹിക്കുന്ന സീനുകള്‍ കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍.

'ഷോലെ'യുടെ ചിത്രീകരണത്തിനിടയിൽ നിന്ന്

രമേഷ് സിപ്പിയുടെ സംവിധാനത്തിലൊരുങ്ങിയ ക്ലാസിക് തിരവിസ്മയം ഷോലെ ഓഗസ്റ്റ് 15ന് 50 വര്‍ഷം പൂര്‍ത്തിയാക്കി. ഷോലെയുടെ യഥാര്‍ഥ ക്ലൈമാക്സും അന്നു ചര്‍ച്ചയായിരുന്നു. ഗബ്ബറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതായിരുന്നില്ല യഥാര്‍ഥ ക്ലൈമാക്സ്. തിരക്കഥാകൃത്തുക്കളായ സലിം ഖാനും ജാവേദ് അക്തറും ആദ്യം എഴുതിയത് അങ്ങനെയായിരുന്നില്ല. അടിയന്തരാവസ്ഥ കാലഘട്ടത്തിലെ സമ്മര്‍ദ്ദം കാരണം യഥാര്‍ഥ ക്ലൈമാക്സ് മാറ്റുകയായിരുന്നു. ജാവേദ് അക്തറിന്റെ മകന്‍ ഫര്‍ഹാന്‍ അക്തര്‍ ആണ് ഷോലെയുടെ ക്ലൈമാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.