പന്ത്രണ്ടാമത് ഷിംല അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (ഐഎഫ്എഫ്എസ്) ഹിമാചല്‍ പ്രദേശിലെ ചരിത്രപ്രസിദ്ധമായ ഗെയ്റ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സില്‍ തുടക്കമായി. 32 രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 96 സിനിമകളാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, ഹിമാചല്‍ പ്രദേശ് ഭാഷാ സാംസ്‌കാരിക വകുപ്പ്, ഹിമാലയന്‍ വെലോസിറ്റി എന്നിവര്‍ ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്. ഫീച്ചര്‍ ഫിലിമുകള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ആനിമേഷന്‍, മ്യൂസിക് വീഡിയോകള്‍ എന്നിവയ്ക്ക് പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച സിനിമകളും ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണമാണ്.
ഇറാന്‍, പോര്‍ച്ചുഗല്‍, കാനഡ, മെക്‌സിക്കോ, നേപ്പാള്‍, യുഎസ്, ദക്ഷിണ കൊറിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. റഗുലര്‍ വേദികള്‍ക്ക് പുറമെ കാണ്ഡ, നാഹന്‍ മോഡല്‍ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്കായും കോളേജ് വിദ്യാര്‍ഥികള്‍ക്കായും സിനിമകളുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 27-ന് ഗവര്‍ണര്‍ കവീന്ദര്‍ ഗുപ്ത പങ്കെടുക്കുന്ന സമാപന ചടങ്ങോടെ മേളയ്ക്ക് തിരശീല വീഴും.