ബോളിവുഡിന്റെ പ്രിയപ്പെട്ട 'ബാദ്ഷാ' ഷാരൂഖ് ഖാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കിങ് ഖാൻ, ഇത്തവണ ദുബായിലെത്തിയത് സവിശേഷനേട്ടം സ്വന്തമാക്കാനാണ്. ദുബായ് മാളിൽ നടക്കുന്ന പ്രശസ്തമായ ഗ്ലോബൽ ഫാഷൻ അവാർഡ് നിശയിൽ 'ഗ്ലോബൽ സ്റ്റൈൽ ഐക്കൺ' പുരസ്കാരം ഷാരൂഖ് ഏറ്റുവാങ്ങും. ഫാഷൻ, സംസ്കാരം, അന്താരാഷ്ട്ര സ്വാധീനം എന്നിവയിൽ മുദ്ര പതിപ്പിച്ച ലോകപ്രശസ്ത വ്യക്തികളെ ആദരിക്കുന്ന ചടങ്ങാണിത്.
ദുബായിലേക്കു പറക്കാനായി ജനുവരി 29ന് മുംബൈ എയർപോർട്ടിൽ എത്തിയ ഷാരൂഖിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ലളിതവും എന്നാൽ അതീവ സ്റ്റൈലിഷുമായ വേഷത്തിലായിരുന്നു താരം. വെള്ള ഷർട്ടിന് മുകളിൽ നീല ഹൂഡി, ഒപ്പം ഡെനിം കാർഗോ ട്രൗസറും. തന്റെ ട്രേഡ്മാർക്ക് ശൈലിയായ ബീനി തൊപ്പിയും സൺഗ്ലാസും ഒരു ഷോൾഡർ ബാഗും കൂടി ചേർന്നപ്പോൾ അത് ഒരു പെർഫെക്റ്റ് ട്രാവൽ ലുക്കായി മാറി.
ദുബായ് മാളിൽ നടക്കുന്ന പ്രശസ്തമായ ഗ്ലോബൽ ഫാഷൻ അവാർഡ് പ്രോഗ്രാമിൽ വച്ച് 'ഗ്ലോബൽ സ്റ്റൈൽ ഐക്കൺ' പുരസ്കാരം കിങ് ഖാന് സമ്മാനിക്കും. റീം അക്ര, ബ്രൂണെല്ലോ കുസിനെല്ലി തുടങ്ങിയ ഫാഷൻ ഇതിഹാസങ്ങളും അർമാനി ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. ജിയോർജിയോ അർമാനിക്ക് നൽകുന്ന പ്രത്യേക ആദരവും ഈ പരിപാടിയുടെ ഭാഗമാണ്.
അവാർഡ് വിശേഷങ്ങൾക്കൊപ്പം തന്നെ ആരാധകരെ ആവേശത്തിലാക്കുന്നത് ഷാരൂഖിന്റെ പുതിയ ചിത്രമായ 'കിങ്ങി'നെക്കുറിച്ചുള്ള വാർത്തകളാണ്. 'പത്താൻ' എന്ന മെഗാ ഹിറ്റിന് ശേഷം സിദ്ധാർഥ് ആനന്ദും ഷാരൂഖ് ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഡിസംബർ 24ന് ചിത്രം പ്രദർശനത്തിനെത്തും. ഷാരൂഖിനൊപ്പം സുഹാന ഖാൻ, ദീപിക പദുകോൺ, അഭിഷേക് ബച്ചൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. റെഡ് ചില്ലീസ് എന്റർടൈൻമെന്റ്സും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.