ബോളിവുഡ് സിനിമാലോകം പൃഥ്വിരാജ് സുകുമാരന്റെ സിനിമാ നിർമാണ മാതൃക പിന്തുടരണമെന്ന നിർദേശവുമായി പ്രമുഖ സംവിധായകൻ സഞ്ജയ് ഗുപ്ത. എക്സിലൂടെയാണ് അദ്ദേഹം പൃഥ്വിരാജിന്റെ പ്രവർത്തന ശൈലിയെ പ്രശംസിച്ച് രംഗത്തെത്തിയത്.
പൃഥ്വിരാജ് തന്റെ ഭൂരിഭാഗം ചിത്രങ്ങളും സ്വന്തമായാണ് നിർമിക്കുന്നത്. ഒരു സിനിമയുടെ ബജറ്റിൽ ഏറ്റവും വലിയ തുക വരുന്നത് നായകന്റെ പ്രതിഫലത്തിനാണ് എന്ന് പൃഥ്വിരാജ് തന്നെ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം സിനിമകളിൽ അദ്ദേഹം മുൻകൂറായി വലിയ പ്രതിഫലം വാങ്ങാറില്ല. പകരം സിനിമയുടെ ലാഭത്തിൽ നിന്നുള്ള വിഹിതമാണ് സ്വീകരിക്കുക. ഇത് നിർമാണച്ചെലവ് കുറയ്ക്കാനും സിനിമയെ കൂടുതൽ സുരക്ഷിതവും ലാഭകരവുമാക്കാനും സഹായിക്കുന്നു എന്ന് സഞ്ജയ് ഗുപ്ത ചൂണ്ടിക്കാണിക്കുന്നു.
ഹിന്ദി സിനിമാ വ്യവസായത്തിലും ഈ രീതി ഒരു പൊതുനിയമമായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചർച്ചകളിലും പാനലുകളിലും ഇരുന്ന് ബോളിവുഡിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം, കൂടുതൽ താരങ്ങൾ പൃഥ്വിരാജിനെപ്പോലെ ഈ മാതൃക സ്വീകരിക്കുകയാണെങ്കിൽ ഇൻഡസ്ട്രി നേരിടുന്ന പകുതി പ്രശ്നങ്ങളും തനിയെ അവസാനിക്കുമെന്നും സഞ്ജയ് ഗുപ്ത കൂട്ടിച്ചേർത്തു.
ഭാര്യ സുപ്രിയ മേനോനുമായി ചേർന്നാണ് പൃഥ്വിരാജിന്റെ നിർമാണസംരംഭങ്ങൾ. ഇത്തരം നിർമാണം സിനിമകൾക്ക് മേൽ കൂടുതൽ സർഗാത്മകമായ സ്വാതന്ത്ര്യം നൽകാനും സാമ്പത്തിക റിസ്ക് കുറയ്ക്കാനും സഹായിക്കുന്നുണ്ട് എന്നതിന് അടിവരയിടുന്നതായി സഞ്ജയ് ഗുപ്തയുടെ അഭിപ്രായപ്രകടനം.