ദക്ഷിണേന്ത്യൻ സിനിമാ മേഖലയെക്കുറിച്ച് ചില നടിമാർ നടത്തുന്ന പരാമർശങ്ങൾ വാർത്തകളാകുന്നതിനിടെ, വ്യത്യസ്തമായ അനുഭവം പങ്കുവെച്ച് ബോളിവുഡ്താരം സമീറ റെഡ്ഡി. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ദക്ഷിണേന്ത്യൻ സിനിമയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും കരിയറിൽ ആ മേഖല തനിക്ക് നൽകിയ സംഭാവനകളെക്കുറിച്ചും നടി സംസാരിച്ചു.
ബോളിവുഡിനേക്കാൾ കൂടുതൽ ആദരവും പ്രതിഫലവും താരപദവിയും തനിക്ക് ലഭിച്ചത് ദക്ഷിണേന്ത്യൻ സിനിമയിൽ നിന്നാണെന്ന് സമീറ പറഞ്ഞു. പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും ദക്ഷിണേന്ത്യൻ സിനിമയിലെ യാത്ര ഏറെ സംതൃപ്തി നൽകിയെന്നും നടി വ്യക്തമാക്കി.
ചിരഞ്ജീവി, ജൂനിയർ എൻടിആർ, സൂര്യ, അജിത്, മോഹൻലാൽ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം സമീറ അഭിനയിച്ചിട്ടുണ്ട്. സൂര്യ നായകനായ 'വാരണം ആയിരം' എന്ന ചിത്രത്തിലെ മേഘ്ന സമീറയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ്.
ചിത്രം പുറത്തിറങ്ങി 18 വർഷം പിന്നിട്ടിട്ടും ദക്ഷിണേന്ത്യയിൽ ആളുകൾ തന്നെ തിരിച്ചറിയുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് സമീറ പറയുന്നു. ദക്ഷിണേന്ത്യൻ സിനിമയുമായി തനിക്ക് എക്കാലവും പ്രത്യേകമായൊരു ബന്ധമുണ്ടാകുമെന്നും നടി കൂട്ടിച്ചേർത്തു.
നടിമാരോടുള്ള സിനിമാ മേഖലയിലെ സമീപനവും അവർക്ക് ലഭിക്കുന്ന തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച് ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് സമീറയുടെ ഈ പ്രതികരണം. വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുമ്പോൾ, ദക്ഷിണേന്ത്യൻ സിനിമയിലെ തന്റെ അനുഭവത്തിന്റെ നല്ല വശങ്ങളാണ് സമീറയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.