

'സത്യവാൻ സാവിത്രി' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ സംവിധായകനും നടനുമായ മിഷ്കിൻ, കീർത്തി സുരേഷിനെ സ്പർശിക്കുന്ന ദൃശ്യങ്ങൾ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ നിന്നുള്ള ക്ലിപ്പ് പങ്കുവെച്ച്, മിഷ്കിന്റെ സ്പർശനം കീർത്തിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന തരത്തിൽ ഒരാൾ പോസ്റ്റ് പങ്കുവച്ചിരുന്നു.
സിനിമകളിൽ ശാരീരിക അടുപ്പമുള്ള രംഗങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്ക് പൊതുവേദിയിൽ സഹതാരത്തിന്റെ സ്പർശനം ഉണ്ടാകുമ്പോൾ എന്തിനാണ് അസ്വസ്ഥത തോന്നുന്നതെന്ന ചോദ്യവും പോസ്റ്റിൽ ഉന്നയിച്ചിരുന്നു. പിന്നീട് പോസ്റ്റ് നീക്കം ചെയ്തു.
ഈ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് കീർത്തി സുരേഷ് വ്യക്തമായ മറുപടിയുമായി രംഗത്തെത്തി. 'ഒന്നാമതായി, എന്റെ മുഖത്ത് എവിടെയാണ് നിങ്ങൾ അസ്വസ്ഥത കണ്ടത്? ഞങ്ങൾക്കിടയിൽ അച്ഛനും മകളും തമ്മിലുള്ള ബന്ധമാണെന്ന് അദ്ദേഹവും ഞാനും പറയുന്നത് നിങ്ങൾ കേട്ടില്ലേ? രണ്ടാമതായി, എനിക്ക് അസ്വസ്ഥത തോന്നിയിരുന്നുവെന്ന് തന്നെ ഇരിക്കട്ടെ, സിനിമകളിൽ സ്പർശനരംഗങ്ങൾ ഉണ്ടാകുന്നതുകൊണ്ട് പൊതുവേദിയിലും അങ്ങനെ തന്നെ ആയിരിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? ചില കാര്യങ്ങളിലെങ്കിലും നിങ്ങൾ ശരിയായ ധാരണ ഉണ്ടാക്കേണ്ടതുണ്ട്-' കീർത്തി പ്രതികരിച്ചു.
പ്രവീൺ എസ്. വിജയ് സംവിധാനം ചെയ്യുന്ന 'സത്യവാൻ സാവിത്രി'യിൽ തുടക്കക്കാരിയായ അഭിഭാഷകയുടെ വേഷത്തിലാണ് കീർത്തി സുരേഷ് എത്തുന്നത്. അവർ ഏറ്റെടുക്കുന്ന പ്രധാന കേസിൽ കോടതിയിൽ മിഷ്കിന്റെ വക്കീൽകഥാപാത്രവുമായുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൽ ചാരുകേശ്, ബാല ശരവണൻ, ശിൽപ മഞ്ജുനാഥ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, നസീറുദിൻ ഷാ എന്നിവർ അണിനിരക്കുന്ന 'ഓം', വിജയ് ആന്റണിയുടെ 'അപ്പ കുട്ടി', ദുൽഖർ സൽമാന്റെ 'എഒടി' തുടങ്ങിയ ചിത്രങ്ങൾക്കൊപ്പമാണ് 'സത്യവാൻ സാവിത്രി'യും തിയേറ്ററുകളിൽ എത്തിയത്.