സൽമാൻ ഖാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നായ 'വാണ്ടഡ്' എന്ന ചിത്രത്തിലെ നായികയായി സൽമാൻ ഖാൻ കത്രീന കൈഫിന്റെ പേരാണ് ആദ്യമായി നിർദേശിച്ചതെന്ന് നിർമാതാവ് ബോണി കപുർ. എന്നാൽ ഈ വേഷത്തിലേക്ക് പിന്നീട് ആയിഷ ടാകിയയെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ബോണി പറഞ്ഞു.
2006-ൽ പുരി ജഗന്നാഥ് സംവിധാനം ചെയ്ത തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം 'പോക്കിരി'യുടെ ഹിന്ദി റീമേക്കായിരുന്നു 'വാണ്ടഡ്'. രാധെ എന്ന കഥാപാത്രത്തിന് സൽമാൻ ഖാൻ തന്നെയാണ് ഏറ്റവും അനുയോജ്യൻ എന്ന് ബോണി കപുർ ഉറപ്പിച്ചിരുന്നു. എന്നാൽ സൽമാന്റെ തിരക്കുകൾ കാരണം 'പോക്കിരി' സിനിമ കാണാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ചിത്രം കൈവിട്ടുപോകുമോ എന്ന് ബോണി കപുർ ഭയപ്പെട്ടിരുന്നുവെങ്കിലും ഒടുവിൽ സൽമാൻ സിനിമ കാണുകയും 'വാണ്ടഡ്' ചെയ്യാൻ സമ്മതിക്കുകയുമായിരുന്നു.
ചിത്രത്തിൽ നായികയായി കത്രീന കെയ്ഫിനെ സൽമാൻ നിർദേശിച്ചപ്പോൾ ബോണി കപുർ അതിനോട് യോജിച്ചില്ല. ചിത്രത്തിലെ കഥാപാത്രത്തിന് നായകനോട് ആദ്യം താല്പര്യമില്ലാത്ത ശൈലിയായതിനാൽ, സൽമാനുമായി മുമ്പ് ജോഡി ചേരാത്ത ഒരു പുതിയ നടി വേണമെന്നതായിരുന്നു നിർമാതാവിന്റെ നിലപാട്. ജെനീലിയ ഡിസൂസ അടക്കമുള്ള പ്രമുഖ നടിമാരുടെ പേരുകൾ പരിഗണിച്ചതിന് ശേഷമാണ് ആയിഷ ടാകിയയിലേക്ക് എത്തിയത്.
പ്രഭുദേവ സംവിധാനം ചെയ്ത 'വാണ്ടഡ്', സൽമാൻ ഖാന്റെ കരിയറിലെ മികച്ച തിരിച്ചുവരവുകളിലൊന്നായി മാറിയിരുന്നു. ആയിഷ ടാകിയയും സൽമാനും തമ്മിലുള്ള കെമിസ്ട്രിയും അന്ന് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി.