സൽമാൻ ഖാൻ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Bollywood

'ചുറ്റും സുരക്ഷാ കവചമുണ്ട്, എന്നിട്ടും ഭയം അലട്ടുന്നു': തുറന്നുപറഞ്ഞ് സൽമാൻ ഖാൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ലോറൻസ് ബിഷ്‌ണോയി സംഘത്തെപ്പോലുള്ള ക്രിമിനൽ സംഘങ്ങളിൽനിന്ന് നിരന്തരം വധഭീഷണി നേരിടുന്ന ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഇന്ത്യയിൽ ഏറ്റവും കർശനമായ സുരക്ഷയുള്ള താരങ്ങളിൽ ഒരാളാണ്. സർക്കാർ സംവിധാനങ്ങൾക്കു പുറമെ സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സംരക്ഷണവും താരത്തിനുണ്ട്.

എന്നാൽ, ഇത്രയേറെ സുരക്ഷയുണ്ടായിട്ടും ശത്രുക്കളുടെ ആക്രമണമുണ്ടാകുമോ എന്ന ഭയം എപ്പോഴും തന്നെ അലട്ടുന്നുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സൽമാൻ ഖാൻ. ഹൈദ്രാബാദിൽ, പുതിയ യുദ്ധചിത്രമായ 'മാതൃഭൂമി'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. 'പൂർണ സുരക്ഷാ സംവിധാനങ്ങളുടെ നടുവിൽ കഴിയുമ്പോഴും എന്തെങ്കിലും അനിഷ്ടസംഭവമുണ്ടാകുമോ എന്ന ആശങ്ക ഇല്ലാതാകുന്നില്ല'- അദ്ദേഹം പറഞ്ഞു.

പുതിയ ചിത്രമായ 'മാതൃഭൂമി'യുടെ പ്രചരാണർഥം ഹൈദ്രാബാദിൽ നടത്തിയ പത്രസമ്മേളനത്തിൽ സൽമാൻ ഖാൻ

യഥാർഥ ജീവിതത്തിൽ കനത്ത സുരക്ഷയുള്ളവർ പോലും എപ്പോഴും ആശങ്കയോടെയാണ് കഴിയുന്നതെന്നും സൽമാൻ പറഞ്ഞു. ഈ അനുഭവത്തെ അതിർത്തിയിൽ രാജ്യത്തിനായി സേവനം ചെയ്യുന്ന സൈനികരുടെ കുടുംബങ്ങളുടെ അവസ്ഥയുമായും താരം ബന്ധപ്പെടുത്തി. പ്രിയപ്പെട്ടവർ അതിർത്തിയിലുള്ളപ്പോൾ അവരുടെ ഭാര്യമാരും സഹോദരങ്ങളും പെൺമക്കളും ഓരോ ദിവസവും എന്തെല്ലാം ആശങ്കകളിലൂടെയാകും കടന്നുപോകുന്നതെന്ന് നമുക്ക് ഊഹിക്കാനേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ചിത്രമായ മാതൃഭൂമിയുടെ പ്രചരാണർഥം ഹൈദ്രാബാദിൽ നടത്തിയ പത്രസമ്മേളനത്തിൽ സൽമാൻ ഖാനും നായിക ചിത്രാം​ഗദ സിങ്ങും

ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്കുമുമ്പ് നടന്ന വിവാദമായ കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട കേസിനെത്തുടർന്നാണ് സൽമാൻ ഖാൻ കുപ്രസിദ്ധമായ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ താരത്തെ വധിക്കാൻ സംഘം നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിലുള്ള ചിലരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2024 ഏപ്രിലിൽ മുംബൈയിലെ ഗാലക്സി അപ്പാർട്ട്മെന്റിലുള്ള സൽമാന്റെ വീടിന് പുറത്ത് വെടിവയ്പ്പുണ്ടായതും വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെ താരത്തിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കി.

ലോറൻസ് ബിഷ്ണോയ്

സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സംരക്ഷണം ഉൾപ്പെടെ ഉയർന്ന സുരക്ഷാ സംവിധാനങ്ങൾക്കിടയിലും സൽമാന്റെ വാക്കുകൾ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ ആശങ്കകളിലേക്കാണ് വിരൽചൂണ്ടുന്നത്. ഔദ്യോഗിക പരിപാടികളിലും സിനിമാ പ്രമോഷനുകളിലും പങ്കെടുക്കുമ്പോഴും ഈ ഭയം താരത്തെ പിന്തുടരുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്.

'മാതൃഭൂമി'യിലെ 'ജയ് ഹിന്ദ്' ​ഗാനത്തിൽ നിന്ന്

അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന 'മാതൃഭൂമി' ഡിസംബർ 4ന് തിയേറ്ററുകളിലെത്തും. 2020ൽ ഇന്ത്യയും ചൈനയും തമ്മിൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സൽമാൻ ഖാനൊപ്പം ചിത്രാംഗദ സിങ്ങും പ്രധാന വേഷത്തിലെത്തുന്നു.