ഇന്ത്യൻ ചലച്ചിത്രലോകവും സിനിമാപ്രേമികളും സൽമാൻ ഖാൻ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'മാതൃഭൂമി'. റിലീസിനു മുമ്പു തന്നെ വലിയ ചർച്ചകൾക്കു വഴിതുറന്ന ചിത്രത്തിന്റെ ആദ്യ റിവ്യൂ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡിന്റെ ഷോമാൻ സുഭാഷ് ഘായ് യാണ് ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയത്. സിനിമയുടെ റഫ് കട്ട് കണ്ട അദ്ദേഹം, 'മാതൃഭൂമി' ഏവരും തീർച്ചയായും തിയറ്ററിൽ തന്നെ കാണേണ്ട ദൃശ്യവിരുന്നാണെന്ന് എക്സ് ഹാൻഡിലിലൂടെ കുറിച്ചു.
ഹിറ്റ് മേക്കർമാരായ കബീർ ഖാൻ, സൂരജ് ബർജാത്യ, ഡേവിഡ് ധവാൻ, റിതേഷ് ദേശ്മുഖ്, ചിത്രാംഗദ സിംഗ്, സിദ്ധാർഥ് റോയ് കപുർ എന്നിവർക്കൊപ്പം സിനിമ കണ്ട ശേഷമാണ് സുഭാഷ് ഘായ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ഇന്ത്യ-ചൈന അതിർത്തിയിലെ സൈനികരുടെ രാജ്യസ്നേഹവും അവരുടെ കുടുംബങ്ങളുടെ വൈകാരികമായ കഥയും പറയുന്ന ചിത്രത്തെ സംവിധായകൻ അപൂർവ ലഖിയ മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആദ്യം 'ബാറ്റിൽ ഓഫ് ഗാൽവൻ' എന്നു പേരിട്ടിരുന്ന ചിത്രം തുടക്കം മുതൽക്കേ വിവാദങ്ങളിൽ പെട്ടിരുന്നു. ഏപ്രിൽ 17-ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് സിനിമയ്ക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ചിത്രം വസ്തുതകളെ വളച്ചൊടിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.
2020-ൽ നിരവധി ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിനു കാരണമായ ലഡാക്ക് ഗാൽവൻ താഴ്വരയിലെ സംഘർഷമാണ് സിനിമയുടെ പശ്ചാത്തലം. രാജ്യാന്തരതലത്തിലുണ്ടായ വിവാദങ്ങളെത്തുടർന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിനും വിഷയത്തിൽ വിശദീകരണം നൽകേണ്ടിവന്നിരുന്നു. നയതന്ത്ര സമ്മർദങ്ങളും കഥയുടെ വ്യാപ്തി കൂട്ടാനുള്ള തീരുമാനവും മുൻനിർത്തിയാണ് ചിത്രത്തിന്റെ പേര് പിന്നീട് 'മാതൃഭൂമി' എന്നു മാറ്റിയത്. ഇതിനായി ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾ റീഷൂട്ട് ചെയ്യേണ്ടതായും വന്നു.
ലഡാക്കിലെ കഠിനമായ സാഹചര്യങ്ങളിലെ ചിത്രീകരണത്തെക്കുറിച്ച് സൽമാൻ ഖാൻ തന്നെ മുമ്പു മനസുതുറന്നിരുന്നു. ഉയർന്ന പ്രദേശങ്ങളിലെ, ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുള്ള കാലാവസ്ഥയിൽ ആക്ഷൻ രംഗങ്ങൾ ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു:
'നേരത്തെ, ഇത്തരം രംഗങ്ങൾ ഞാൻ വളരെ വേഗത്തിൽ ചെയ്തുതീർക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ സമയവും കഠിനാധ്വാനവും ആവശ്യമാണ്. ലഡാക്കിലെ ഇരുപതു ദിവസത്തെ ഷെഡ്യൂളിൽ എട്ട് ദിവസത്തോളം മൈനസ് ഡിഗ്രിയിലുള്ള തണുത്തുറഞ്ഞ വെള്ളത്തിലാണ് എനിക്ക് ഫൈറ്റ് സീനുകൾ ചെയ്യേണ്ടി വന്നത്. ഇതിനായി പ്രത്യേക ശാരീരിക പരിശീലനവും നേടിയിരുന്നു'-സൽമാൻ ഖാൻ പറഞ്ഞു.
വ്യത്യസ്തമായ ലുക്കിലും ഭാവത്തിലുമാണ് ബി ടൗൺ താരം 'മാതൃഭൂമി'യിൽ എത്തുന്നത്. ഓഗസ്റ്റ് 14-ന് ചിത്രം തിയറ്ററുകളിലെത്തുമാണ് റിപ്പോർട്ട്. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് തിയറ്ററുകളിലേക്ക് എത്തുന്ന ആക്ഷൻ-ഇമോഷണൽ ഡ്രാമ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണു വിലയിരുത്തൽ.