ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ നായകനായെത്തുന്ന 'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' എന്ന സിനിമയുടെ ട്രെയിലർ സോഷ്യൽമീഡിയയിൽ തരംഗമായി. അപൂർ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രം യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനകം 51 മില്യണിലധികം പേർ ട്രെയിലർ കണ്ടുകഴിഞ്ഞു.
2020-ലെ ഗാൽവാൻ വാലി സംഘർഷത്തെ ആധാരമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. തുടക്കത്തിൽ 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന് പേരിട്ടിരുന്ന ചിത്രം പിന്നീട് 'മാതൃഭൂമി' എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ട്രെയിലർ നൽകുന്ന സൂചനയനുസരിച്ച്, ശത്രുതാപരമായ യുദ്ധമല്ല ചിത്രത്തിലുള്ളത്; മറിച്ച് അതിർത്തിയിലെ കടുത്ത സംഘർഷങ്ങളും, കൈയാങ്കളികളും, സൈനികരും അവരുടെ കുടുംബങ്ങളും നേരിടേണ്ടിവരുന്ന മാനസിക സംഘർഷങ്ങളും വൈകാരിക യാഥാർഥ്യങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
സൈനികന്റെ വേഷത്തിലാണ് സൽമാൻ ഖാൻ എത്തുന്നത്. രാജ്യത്തോടുള്ള കടമയ്ക്കൊപ്പം ഭർത്താവും പിതാവുമെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും സ്നേഹവും പേറുന്ന കഥാപാത്രമാണ് താരത്തിന്റേത്. ചിത്രത്തിൽ നടി ചിത്രാംഗദ സിങ് സൽമാൻ ഖാന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്നു.
ചിത്രത്തിന്റെ റിലീസ് പലതവണ നീണ്ടുപോയിരുന്നു. രാഷ്ട്രീയ സമ്മർദങ്ങളെത്തുടർന്നു തിരക്കഥ മാറ്റിയെഴുതിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും സൽമാൻ ഖാൻ വാർത്തകൾ പൂർണമായി തള്ളിക്കളഞ്ഞിരുന്നു. ചിത്രം വിദ്വേഷമല്ല പകരം സൈനികരുടെ സാഹചര്യങ്ങളെയാണ് കാണിക്കുന്നതെന്ന് താരം വ്യക്തമാക്കുകയുണ്ടായി. ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ചില എഴുത്തുകാർ പിന്നീട് പ്രോജക്ടിൽ നിന്ന് പിന്മാറിയതും വാർത്തകളിൽ ഇടംനേടിയിരുന്നു. ഡിസംബർ നാലിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.