സലിംഖാൻ ഫോട്ടോ കടപ്പാട്-ഐഎംഡിബി
Bollywood

സലിം ഖാൻ വെന്റിലേറ്ററിൽ തുടരുന്നു, ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രിഅധികൃതർ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബി ടൗണിലെ ഇതിഹാസ തിരക്കഥാകൃത്തും സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ പിതാവുമായ സലിം ഖാന്‍ (90) മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു. തലച്ചോറിലുണ്ടായ നേരിയ രക്തസ്രാവത്തെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹം വെന്റിലേറ്ററിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സലിം ഖാന് ശസ്ത്രക്രിയ ആവശ്യമായി വന്നില്ല. മുന്‍കരുതല്‍ എന്ന നിലയിലാണ് അദ്ദേഹത്തിന് വെന്റിലേറ്റർ സഹായം നല്കുന്നത്. പ്രായം കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനം. വ്യാഴാഴ്ചയോടെ വെന്റിലേറ്റര്‍ മാറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ജലീല്‍ പാര്‍ക്കര്‍ പുറത്തുവിട്ട ആരോഗ്യ ബുളളറ്റിനില്‍ പറയുന്നു.

രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇപ്പോള്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ആരോഗ്യനില ഗുരുതരമാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ സസൂക്ഷ്മം നിരീക്ഷിക്കന്നുണ്ടെന്നും ഡോ. ജലീല്‍ പാര്‍ക്കര്‍ പറഞ്ഞു.

സലിംഖാനും സൽമാൻ ഖാനും

വാര്‍ത്തയറിഞ്ഞ ഉടന്‍ തന്നെ മക്കളായ സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, അല്‍വിറ ഖാന്‍ എന്നിവരും കൊച്ചുമക്കളും ആശുപത്രിയിലെത്തി. സലിം ഖാന്റെ ദീര്‍ഘകാലത്തെ രചനാ പങ്കാളിയായ ജാവേദ് അക്തര്‍, നടന്‍ സഞ്ജയ് ദത്ത് എന്നിവരും അദ്ദേഹത്തെ സന്ദര്‍ശിച്ചു.