പ്രണയികളുടെ മാസമായ ഫെബ്രുവരിക്ക് ആവേശം പകരാൻ ബോളിവുഡിലെ ഏറ്റവും വലിയ റൊമാന്റിക് ഹിറ്റുകളിലൊന്നായ 'സയാര' വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. 2025 ജൂലൈയിൽ റിലീസ് ചെയ്ത ചിത്രം എട്ടു മാസങ്ങൾക്ക് ശേഷമാണ് വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് റീ-റിലീസ് ചെയ്യുന്നത്.
ബോളിവുഡിലെ യുവതാരം അഹാൻ പാണ്ഡെയുടെ അരങ്ങേറ്റ ചിത്രമായിരുന്നു 'സയാര'. അനീത് പദ്ദ നായികയായി എത്തിയ ഈ ചിത്രം റിലീസ് ചെയ്തതോടെ ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറി. കൃഷ് കപുർ എന്ന ഗായകനായി അഹാനും വാണി ബത്ര എന്ന ജേർണലിസ്റ്റായി അനീതും തമ്മിലുള്ള ഓൺ-സ്ക്രീൻ കെമിസ്ട്രി വലിയ തരംഗമാണ് സൃഷ്ടിച്ചത്.
ഫെബ്രുവരി 7 മുതൽ ഫെബ്രുവരി 13 വരെയാണ് ചിത്രം പരിമിതമായ ഷോകളോടെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. വാലന്റൈൻസ് ദിനത്തിന് തൊട്ടുമുമ്പുള്ള ഈ വാരം പ്രണയജോഡികൾക്കായി മാറ്റിവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മുംബൈ, ഡൽഹി, ബംഗളൂരു, പുനെ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമുകളിൽ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
പ്രമോഷനുകൾ ഒന്നുമില്ലാതെ തിയറ്ററുകളിൽ എത്തിയ ചിത്രം എന്ന പ്രത്യേകതയും 'സയാര'യ്ക്കുണ്ട്. സംവിധായകൻ മോഹിത് സൂരി മാത്രമാണ് റിലീസ് സമയത്ത് മാധ്യമങ്ങളെ കണ്ടിരുന്നത്. എന്നാൽ മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം വൻ വിജയമായി മാറുകയായിരുന്നു. 2025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റൊമാന്റിക് ചിത്രമെന്ന റെക്കോർഡും സയാര സ്വന്തമാക്കി.
ഒരു പാട്ടിലൂടെ ഒന്നിക്കുന്ന കൃഷിന്റെയും വാണിയുടെയും പ്രണയവും അവർ നേരിടുന്ന പ്രതിസന്ധികളും പറയുന്ന ചിത്രം യുവഹൃദയങ്ങൾ നെഞ്ചേറ്റുകയായിരുന്നു. റിലീസ് സമയത്ത് ചിത്രം കാണാൻ സാധിക്കാത്തവർക്കും വീണ്ടും ബിഗ് സ്ക്രീനിൽ പ്രണയാനുഭവം ആഗ്രഹിക്കുന്നവർക്കും ഈ വാലന്റൈൻസ് വാരം മികച്ചൊരു അവസരമാണ് നൽകുന്നത്.